എൻജിൻ നിലച്ച് ബോട്ട് കടലിൽ കുടുങ്ങി; 19 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടുകളിലുണ്ടായിരുന്ന 19 മത്സ്യത്തൊഴിലാളികളെ ഫിഷറീസ്-മറൈൻ എൻഫോഴ്‌സ്‌മെന്റ് റസ്‌ക്യു സംഘം രക്ഷപ്പെടുത്തി. മുനക്കകടവ് ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ മേരി മാത എന്ന ബോട്ടിന്റെ എൻജിൻ നിലച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങുകയായിരുന്നു.
കടലിൽ 10 നോട്ടിക്കൽ മൈൽ അകലെ വാടാനപ്പിള്ളി പടിഞ്ഞാറ് ഭാഗത്ത് എൻജിൻ നിലച്ച് കുടുങ്ങിയ കൊല്ലം കാവനാട് സ്വദേശി ഹെറിൻ പയസിന്റെ ഉടമസ്ഥതയിലുള്ള മേരിമാത എന്ന ബോട്ടും കൊല്ലം സ്വദേശികളായ പത്ത് മത്സ്യത്തൊഴിലാളികളുമാണ് കടലിൽ കുടുങ്ങിയത്. തുടർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു
അതേസമയം ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ അൽഫാത്ത് എന്ന ബോട്ടിന്റെ പ്രൊപ്പല്ലറിൽ വല ചുറ്റി എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ 9 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ കരയിലെത്തിച്ചു. തളിക്കുളം സ്വദേശികളായ 9 പേരാണ് ഈ ബോട്ടിലുണ്ടായിരുന്നത്.