വെള്ളാപ്പള്ളിയുടെ കുടില തന്ത്രത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നത് ഈഴവ സമുദായം: ശ്രീ നാരായണ സേവാസംഘം

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശ്രീ നാരായണ സേവാസംഘം. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്യുന്നു. മകന് കേന്ദ്രത്തിൽ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കുന്നു. വെള്ളാപ്പള്ളി നടേശന്റേത് 29 വർഷത്തെ കിരാത വാഴ്ചയാണെന്നും ശ്രീ നാരായണ സംഘം ആരോപിച്ചു
മുസ്ലിം സമുദായത്തിനെതിരെ വെള്ളാപ്പള്ളി നടത്തുന്ന പ്രസ്താവനകൾ കടുത്ത ഗുരുനിന്ദയും സമൂഹത്തിൽ വർഗീയ വേർതിരിവുകൾ സൃഷ്ടിക്കുന്നതുമാണ്. മകന് കേന്ദ്രത്തിൽ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കാൻ നടത്തുന്ന കുടില തന്ത്രത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ഈഴവ സമുദായമാണ്.
വെള്ളാപ്പള്ളി നടേശന്റെ വലയിൽ കുടുങ്ങിയിട്ടുള്ള രാഷ്ട്രീയ നേതാക്കൾ വാഴ്ത്തുപാട്ടുകാരായി മാറിയിരിക്കുന്നു. ഇവർ സ്വയം കുഴി തോണ്ടുകയാണെന്ന വസ്തുത ഏറെ താമസിയാതെ ബോധ്യം വരുമെന്നും ശ്രീ നാരായണ സേവാ സംഘം പറഞ്ഞു.