National

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം തുടങ്ങി; ഇന്ത്യയിൽ ലൈവ് സ്ട്രീം എവിടെ കാണാം

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് നടക്കും. ഭാഗിക സൂര്യഗ്രഹണമാണ് ഇന്ന് നടക്കുക. ഇന്ത്യന്‍ സമയം അനുസരിച്ച് ഉച്ചയ്ക്ക് 2.21 ന് ആരംഭിച്ച് വൈകുന്നേരം 6.14 ന് സൂര്യഗ്രഹണം നീണ്ടുനിൽക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും. എന്നാൽ, ഇന്ത്യയുടെ ഒരു ഭാഗത്തും ഈ പ്രതിഭാസം ദൃശ്യമാകില്ല. സൂര്യഗ്രഹണം നേരിട്ട് കാണാൻ കഴിയാത്തവർക്ക്, നാസ, സ്ലൂഹ് ഒബ്സർവേറ്ററി, ഐഎസ്ആർഒ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലും യൂട്യൂബ് ചാനലുകളിലും സൂര്യഗ്രഹണത്തിന്റെ തത്സമയ സംപ്രേഷണം നൽകിയേക്കാം.

കാനഡയിലെ വടക്കുകിഴക്കൻ പ്രദേശങ്ങളായ ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ തുടങ്ങിയ പ്രദേശങ്ങളിൽ ഭാഗിക സൂര്യഗ്രഹണം വ്യക്തമായി കാണാൻ കഴിയും. കാനഡയെപ്പോലെ, ഗ്രീൻലാൻഡിൽ താമസിക്കുന്നവർക്കും ഈ അദ്ഭുത പ്രതിഭാസം കാണാൻ സാധിക്കും. യുഎസിൽ ന്യൂ ഹാംഷെയറിലും മെയ്‌നിലും ഭാഗിക സൂര്യഗ്രഹണം കാണാം. യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്നവർക്കും സൂര്യഗ്രഹണം കാണാൻ സാധിക്കും.

എന്താണ് ഭാഗിക സൂര്യഗ്രഹണം?

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വരുന്ന ചുരുങ്ങിയ സമയത്തെയാണു സൂര്യഗ്രഹണമെന്നു പറയുന്നത്. എന്നാല്‍, സൂര്യനെ ഭാഗികമായി മാത്രം ചന്ദ്രന്‍ മറയ്ക്കുമ്പോള്‍ അതിനെ ഭാഗിക ഗ്രഹണമെന്നു പറയുന്നു. ഒരു ഭാഗിക സൂര്യഗ്രഹണത്തിന്റെ ശരാശരി സമയം ഒരു മണിക്കൂര്‍ 39 മിനിറ്റ് 31 സെക്കന്‍ഡാണ്. ഭാഗിക ഗ്രഹണത്തില്‍ ചന്ദ്രന്‍ മറയ്ക്കുന്ന സൂര്യന്റെ അംശത്തിന്റെ തോത് അനുസരിച്ചായിരിക്കും നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തു ഈ പ്രതിഭാസം വ്യക്തമാവുക.

എങ്ങനെയാണ് ഗ്രഹണം സംഭവിക്കുക?

ഭൂമിക്കു ചുറ്റും കറങ്ങുന്ന ചന്ദ്രന്‍ ചില സമയങ്ങളില്‍ സൂര്യനും ഭൂമിക്കുമിടയില്‍ വരികയും സൂര്യനെ മുഴുവനായോ ഭാഗികമായോ മറയ്ക്കുകയും ചെയ്യുന്ന കാഴ്ച ഭൂമിയില്‍ കാണാവുന്നതാണ്. എന്നാല്‍ ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന ചന്ദ്രന്റെ നിഴല്‍ വീഴുന്ന പ്രദേശങ്ങളില്‍ മാത്രമാണ് ഗ്രഹണം കാണാന്‍ സാധിക്കുക.

എങ്ങനെ സുരക്ഷിതമായി ഗ്രഹണം കാണാം?

ഭാഗിക ഗ്രഹണം കാണാന്‍ ആഗ്രഹമുള്ളവര്‍ സൂര്യാസ്തമനത്തിനു മുന്‍പ് തടസങ്ങളില്ലാതെ പശ്ചിമ ചക്രവാളം കാണുവാന്‍ ശ്രമിക്കുക. നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ, ടെലിസ്‌കോപ്പ്, ബൈനോക്കുലര്‍ എന്നിവ കൊണ്ടോ ഗ്രഹണം വീക്ഷിക്കുന്നത് അപകടകരമാണ്. അതിനുപകരം ഗ്രഹണം കാണുവാനുള്ള പ്രത്യേകം കണ്ണടകളോ പിന്‍ഹോള്‍ പ്രോജക്ടറോ ഉപ്രയോഗിക്കുക.

Related Articles

Back to top button
error: Content is protected !!