വനം വകുപ്പ് തീർത്തും നിഷ്‌ക്രിയം; വന നിയമ ഭേദഗതി സർക്കാർ ഉപേക്ഷിക്കണമെന്നും സതീശൻ
വനാതിർത്തിയിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം നിരന്തരം സംഭവിക്കുമ്പോഴും വനംവകുപ്പ് പരിഹാര നടപടിയെടുക്കാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമീപവർഷങ്ങളിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തോളമായി. വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു.
ഉപജീവന മാർഗം ഇല്ലാതാകുന്നതിന് പുറമെ ജീവനും സ്വത്തിനും ഭീഷണിയാണ് ഉയരുന്നത്. വനംവകുപ്പ് ഇത്രയും നിഷ്‌ക്രിയമായ അവസ്ഥ മുമ്പ് ഉണ്ടായിട്ടില്ല. വന്യജീവി ആക്രമണങ്ങളിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കാത്ത സർക്കാരാണ് കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കാനായി വനനിയമം ഭേദഗതി ചെയ്യുന്നത്
സർക്കാരും രാഷ്ട്രീയ നേതൃത്വവും ജനങ്ങളെ പരിഗണിക്കാതെ, ഉദ്യോഗസ്ഥർ എഴുതി കൊടുക്കുന്നതാണ് നിയമമാക്കുന്നത്. ഈ നിയമ ഭേദഗതി ആദിവാസികളെയും സാധാരണ കർഷകരെയും ഗുരുതരമായി ബാധിക്കും. ആദിവാസികളെയും കർഷകരെയും ഗുരുതരമായി ബാധിക്കുന്ന വനനിയമ ഭേദഗതി സർക്കാർ ഉപേക്ഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.