
അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദിന്റെ രക്ഷാകർതൃത്വത്തിൽ നാലാമത് അബുദാബി ഫിനാൻസ് വീക്ക് ഡിസംബറിൽ നടക്കും. ഈ വർഷം ഡിസംബർ 8 മുതൽ 11 വരെയാണ് പരിപാടി. അബുദാബി ഗ്ലോബൽ മാർക്കറ്റ് (ADGM) ആണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
‘എഞ്ചിനീയറിങ് ദ ക്യാപിറ്റൽ നെറ്റ് വർക്ക്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഈ വർഷത്തെ ഫിനാൻസ് വീക്ക്, ആധുനിക സാമ്പത്തിക മേഖലയെ പുനർനിർമ്മിക്കുന്നതിൽ നിർമിതബുദ്ധി, ക്വാണ്ടം ടെക്നോളജി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ പങ്ക് ചർച്ച ചെയ്യും. സാമ്പത്തിക രംഗത്തെ പ്രമുഖരും നിക്ഷേപകരും നയരൂപകർത്താക്കളും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.
അന്താരാഷ്ട്ര സാമ്പത്തിക രംഗത്ത് അബുദാബിയുടെ സ്വാധീനം വർധിച്ചുവരുന്നതിൻ്റെ പ്രതിഫലനമാണ് ഈ പരിപാടി. കഴിഞ്ഞ വർഷത്തെ അബുദാബി ഫിനാൻസ് വീക്കിൽ, 42.5 ട്രില്യൺ ഡോളറിൻ്റെ ആസ്തി നിയന്ത്രിക്കുന്ന 20,000-ത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. ഈ വർഷം ഇതിലും വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്.