കോഴിക്കോട് ഡി എം ഒ പദവിയില്‍ ആര് ഇരിക്കുമെന്ന ആശങ്കക്ക് ഒടുവില്‍ അറുതിയായി. അധികാരത്തിന് വേണ്ടിയുള്ള ഉദ്യോഗസ്ഥരുടെ ആര്‍ത്തിയായി ആരോപിക്കപ്പെടുന്ന നാടകം ഇതോടെ അവസാനിച്ചു. ഡി എം ഒ പദവയില്‍ ആരിരിക്കണമെന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
സ്ഥലംമാറ്റം കിട്ടി കോഴിക്കോട് ഡി എം ഒയായി ആശാദേവിയെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. നേരത്തെ ഈ പദവിയിലിരുന്ന ഡോ. എന്‍ രാജേന്ദ്രന്‍ കസേര ഒഴിയാന്‍ തയ്യാറായില്ല. ഇതോടെ രാജേന്ദ്രന് അഭിമുഖമായി കസേരയിട്ട് ആശാദേവിയും ഇരിക്കുകയായിരുന്നു. ഇതോടെ വിവാദമാകുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു.
ആശാദേവിയ്ക്ക് ഉത്തരവ് ലഭിച്ചെങ്കിലും പദവിയിലുണ്ടായിരുന്ന ഡോ എന്‍ രാജേന്ദ്രന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് രാജേന്ദ്രന്‍ കോഴിക്കോട് ഡിഎംഒ പദവി ഒഴിയാന്‍ വിസമ്മതിക്കുകയായിരുന്നു. സ്ഥലംമാറ്റ ഉത്തരവില്‍ സ്റ്റേ വാങ്ങിയിട്ടുണ്ടെന്നും മാറിക്കൊടുക്കില്ലെന്നുമായിരുന്നു രാജേന്ദ്രന്റെ പ്രതികരണം.
ഡിസംബര്‍ 9ന് ആയിരുന്നു ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. നിലവിലെ കോഴിക്കോട് ഡിഎംഒ ഡോ എന്‍ രാജേന്ദ്രന് ഡിഎച്ച്എസില്‍ ഡെപ്യൂട്ടി ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയുമാണ് നിയമിച്ചത്.
പത്താം തീയതി ജോലി പ്രവേശിക്കാനായിരുന്നു ആശാദേവിക്ക് നല്‍കിയ ഉത്തരവ്. എന്നാല്‍ പത്താം തീയതി തിരുവനന്തപുരത്ത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കോഴിക്കോട് എത്താന്‍ കഴിഞ്ഞില്ല. ഈ സമയം ഡോ. രാജേന്ദ്രന്‍ ട്രിബ്യൂണലിനെ സമീപിക്കുകയും സ്ഥലംമാറ്റ ഉത്തരവില്‍ സ്റ്റേ വാങ്ങുകയും ചെയ്തു.
ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. ഒട്ടേറെ ഫയലുകള്‍ നീങ്ങേണ്ട സമയത്ത് ഡി എം ഒ പദവയിലെത്തിയവര്‍ അധികാരത്തിന് വേണ്ടി വടംവലി കൂടിയത് സാധാരണക്കാരില്‍ പ്രതിഷേധത്തിന് കാരണായി. വ്യാപകമായ ആക്ഷേപങ്ങളാണ് ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.