ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും സർക്കാരിന് ഭയം; പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തത് അതിനാൽ: ചാണ്ടി ഉമ്മൻ

കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ചരിത്ര ദിവസമാണ് ഇന്നെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗിന് പ്രധാനമന്ത്രി എത്തുന്നതും സംസ്ഥാന സർക്കാർ അതിനാവശ്യമായ സഹായം നൽകുന്നതും നല്ല കാര്യമാണ്. എന്നാൽ ഒരു കല്ല് മാത്രമിട്ടുവെന്നത് സ്ഥിരം ക്യാപ്‌സ്യൂളായി സിപിഎം പ്രചരിപ്പിക്കുകയാണ്.
2004ൽ ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ വിഴിഞ്ഞം തുറമുഖം നടപ്പാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. 2006 വരെ ശ്രമം തുടർന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പൂർത്തിയായിരുന്നില്ല. പിന്നീട് വി എസ് അച്യുതാനന്ദൻ സർക്കാരും ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും പൂർണതയിലെത്തിയിരുന്നില്ല
പിന്നീട് വീണ്ടും ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലെത്തി. ഈ സമയത്താണ് പാരിസ്ഥിതിക അനുമതിയടക്കമുള്ള നിർണായക അനുമതികളെല്ലാം വാങ്ങിയത്. തുടർന്ന് കൗണ്ട് ഡൗൺ തുടങ്ങി നിർമാണം വരെ ആരംഭിച്ചതും ഉണ്മൻ ചാണ്ടി സർക്കാരാണ്. എന്നിട്ടും ഒന്നും ചെയ്യാതെ ക്രെഡിറ്റ് അടിച്ചെടുക്കാൻ മാത്രമായി പിആർ വർക്കുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്
ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും ഭയപ്പെടുന്നതു കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിക്കാത്തത്. പരാമവധി കോൺഗ്രസ് നേതാക്കളെ പരിപാടിയിൽ നിന്നൊഴിവാക്കാൻ വേണ്ടിയാണ് സർക്കാർ ശ്രമിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു