Kerala

മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാതെ ഗവർണർ; വിശദീകരണം തേടി വീണ്ടും കത്തയക്കും

മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദി ഹിന്ദു വിശദീകരണം ആയുധമാക്കി ഗവർണർ വീണ്ടും കത്ത് അയക്കാനൊരുങ്ങുകയാണ്. പരാമർശം തെറ്റെങ്കിൽ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടും. ഗവർണർ നടപടി കടുപ്പിച്ചാൽ വാർത്താ സമ്മേളനം നടത്തി മറുപടി നൽകാനാണ് മുഖ്യമന്ത്രിയുടെ നീക്കം.

ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്താനടക്കം ഗവർണർക്ക് അധികാരമില്ലെന്ന് സർക്കാർ പറയുമ്പോൾ എന്ത് ചെയ്യാനാകുമെന്ന് കാണിച്ച് തരാമെന്നാണ് ഗവർണറുടെ മറുപടി. ഭരണഘടന അനുച്ഛേദം 167, കേരള റൂൾ ഓഫ് ബിസിനസ് ചട്ടം 166 എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും വിവരങ്ങൾ തേടാനും അധികാരമുണ്ടെന്ന് ഗവർണർ സമർഥിക്കുന്നത്.

ഭരണഘടന അനുച്ഛേദം 167 പ്രകാരം ഭരണനിർവഹണത്തെയും നിയമനിർമാണത്തെയും സംബന്ധിക്കുന്ന വിവരങ്ങൾ ഗവർണർക്ക് മുഖ്യമന്ത്രിയോട് തേടാം. അതായത് ഗവർണറെ വിവരങ്ങൾ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കാണ്. എന്നാൽ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താനോ മുഖ്യമന്ത്രിയെ മറികടന്ന് വിവരങ്ങൾ തേടാനോ ഗവർണർക്ക് സാധിക്കില്ലെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button