Kerala

ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം; വയനാടിന്റെ കണ്ണീരിന് ഇന്നേക്ക് ഒരു മാസം

രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിൽ നൂറുകണക്കിന് ജീവനുകളാണ് നഷ്ടമായത്. ഒരു പകലും രാത്രിയും തോരാതെ പെയ്ത മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുൾപൊട്ടലിലും ഒരു പ്രദേശമാകെ തുടച്ചുനീക്കപ്പെടുകയായിരുന്നു

ഔദ്യോഗിക കണക്കുകൾ പ്രകാരം 231 പേരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. 78 പേർ ഇന്നും കാണാമറയത്താണ്. 62 കുടുംബങ്ങൾ ഒരാൾ പോലുമില്ലാതെ പൂർണമായും ഇല്ലാതായി. പ്രകൃതിയുടെ സൗന്ദര്യം കവിഞ്ഞൊഴുകിയിരുന്ന നാട് ഒരു രാത്രി കൊണ്ട് മരണത്തിന്റെ താഴ്‌വരയായി മാറി

ദുരന്തമുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്ന് വ്യക്തമായി തുടങ്ങിയത്. ജീവൻ പണയം വെച്ചും നടന്ന രക്ഷാപ്രവർത്തനങ്ങളും സമാനതകളില്ലാത്തതായിരുന്നു. സൈന്യവും എൻഡിആർഎഫും ഫയർ ഫോഴ്‌സും പോലീസും വിവിധ സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി

ദുരന്തത്തിൽപ്പെട്ട് ചാലിയാർ പുഴയിലൂടെ കുത്തിയൊലിച്ചുപോയ നിരവധി മൃതദേഹങ്ങൾ നിലമ്പൂർ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. 183 വീടുകൾ പാടേ ഇല്ലാതായി. ഇപ്പോഴും തിട്ടപ്പെടുത്താനാകാത്ത മഹാദുരന്തത്തിന് ഒരു മാസം പിന്നിടുകയാണ്. വയനാടിന്റെ പുനരധിവാസത്തിനായുള്ള നടപടിക്രമങ്ങൾ സർക്കാർ തലത്തിലും പുരോഗമിക്കുകയാണ്.

Related Articles

Back to top button