ക്ഷേമ പെൻഷൻ തട്ടിപ്പ്: ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി പെൻഷൻ വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
പെൻഷൻ കൈപ്പറ്റിയവർക്ക് ധവകുപ്പ് ഉടൻ നോട്ടീസ് നൽകും. അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശസഹിതം തിരിച്ചുപിടിക്കാനാണ് നീക്കം. ധനവകുപ്പിന്റെ നിർദേശമനുസരിച്ച് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സർക്കാർ ജീവനക്കാരാണ് ഇത് കൈപ്പറ്റുന്നതായി കണ്ടെത്തിയത്. സർക്കാർ ശമ്പളം പറ്റുന്നവർക്ക് ക്ഷേമപെൻഷന് യോഗ്യതയില്ലെന്നിരിക്കെയാണ് ഇവർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയത്.
പെൻഷൻ കൈപ്പറ്റുന്ന 1458 ജീവനക്കാരിൽ 373 പേർ ആരോഗ്യ വകുപ്പിൽ നിന്നും 224 പേർ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും 123 പേർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നുമാണ്. സാങ്കേതിക വിദ്യാഭ്യാസം, ഹോമിയോപ്പതി, റവന്യൂ, കൃഷി, ജുഡീഷ്യറി, സാമൂഹിക നീതി എന്നീ വകുപ്പുകളിലുള്ളവരും പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. സർക്കാർ കോളേജിൽ പഠിപ്പിക്കുന്ന രണ്ട് അസി. പ്രൊഫസർമാരും മൂന്നു ഹയർ സെക്കൻഡറി അധ്യാപകരുമൊക്കെ പെൻഷൻ വാങ്ങിയവരിൽ ഉൾപ്പെടുന്നു.