Business

ഇന്‍സ്റ്റകാര്‍ട്ട് എന്ന ആശയം ലഭിച്ചത് ഒഴിഞ്ഞ ഫ്രിഡ്ജില്‍നിന്ന്; ഇന്ന് ഇന്ത്യക്കാരന്റേത് 85,158 കോടിയുടെ സാമ്രാജ്യം

കാലിഫോര്‍ണിയ: അമേരിക്കയിലും കാനഡയിലുമെല്ലാം തരംഗമായി മാറിയ ഒരു ഗ്രോസറി ഡെലിവറി ആപ്പാണ് മാപ്പിള്‍ ബിയര്‍ ഇന്‍കോര്‍പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റ കാര്‍ട്ട്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി യുഎസിലും കാനഡയിലുമായാണ് ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചു കിടക്കുന്നത്.

അപൂര്‍വ മേത്ത എന്ന ഇന്ത്യക്കാരന്റേതാണ് ഈ സംരംഭം. കാനഡയിലെ വാട്ടര്‍ലൂ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടി. ബിരുദാനന്തരം ആമസോണില്‍ സപ്ലൈ ചെയിന്‍ എന്‍ജിനീയറായി ജോലി ചെയ്തായിരുന്നു ഇദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സംരംഭകനാകാനുള്ള മോഹവും പേറി ആമസോണ്‍ വിട്ട മേത്തയുടെ ജീവിതം പിന്നെ തിരിച്ചടികള്‍ മാത്രം പെയ്തുകൊണ്ടിരുന്നതായിരുന്നു.

ഒന്നും രണ്ടുമല്ല, രണ്ടു വര്‍ഷത്തിനുള്ളില്‍ തന്റെ തലയിലുദിച്ച 20 ഓളം ആശയങ്ങളാണ് പരാജയം രുചിച്ചത്. ഗെയിമിംഗ് കമ്പനികള്‍ക്കായി ഒരു പരസ്യ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത് മുതല്‍ അഭിഭാഷകര്‍ക്കായി ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് സൃഷ്ടിക്കുന്നതുവരെ പരാജയപ്പെട്ട ആശയങ്ങളുടെ നിര നീണ്ടുപോകുന്നു. 20 തവണ തോട്ടിട്ടും വിട്ടുകൊടുക്കാത്തവന്റെ പേരായി മാറി പിന്നീട് അപൂര്‍വ മേത്തയെന്നത്.

എന്ത് തിരിച്ചടി നേരിട്ടാലും താന്‍ പിന്‍മാറില്ലെന്ന ദൃഢപ്രതിജ്ഞയുടെയും കഠിനാദ്ധ്വാനത്തിന്റെയും സ്ഥിരോല്‍സാഹത്തിന്റെയും, വിശേഷണമായി ഈ നാമം മാറുന്നതിനാണ് പിന്നെ ലോകം സാക്ഷിയായത്. സ്റ്റോക്ക് അനാലിസിസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍സ്റ്റകാര്‍ട്ടിന്റെ ഇന്നത്ത വിപണി മൂല്യം 10.26 ബില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 85,158 കോടി രൂപ. 3,380 ജീവനക്കാരാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം ഇന്‍സ്റ്റാകാര്‍ട്ടില്‍ ജോലി ചെയ്യുന്നത്. 2022ല്‍ കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങിയ അപൂര്‍വ മേത്ത തന്റെ ചുമതലകള്‍ ഇന്‍സ്റ്റാകാര്‍ട്ടിന്റെ നിലവിലെ സിഇഒ ആയ ഫിഡ്ജി സിമോയ്ക്ക് കൈമാറുകയായിരുന്നു.

തന്റെ ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം ഒഴിഞ്ഞ സ്പേസ് കൂടുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാല്‍ ഇതു തന്റെ മാത്രം പ്രശ്നമല്ലെന്ന് ബോധ്യപ്പെട്ടതായിരുന്നു ഇന്‍സ്റ്റ കാര്‍ട്ട് ആപ്പ് രൂപകല്‍പന ചെയ്യുന്നതിലേക്ക് നയിച്ചത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് വളര്‍ന്നെങ്കിലും അത് പലചരക്ക് ഡെലിവറി ആയിട്ടില്ലെന്ന് അദ്ദേഹം കണ്ടെത്തി. അങ്ങനെ ആ സാധ്യത ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

തുടക്കത്തില്‍ ഊബര്‍ വഴി ഡെലിവറികള്‍ നടത്തി. ഒന്നിനും സമയമില്ലാത്ത ആളുകള്‍ ആശയം ഏറ്റെടുത്തു. കൊവിഡ് കാലത്ത് കൂടുതല്‍ ആളുകള്‍ ഓണ്‍ലൈണ്‍ ഡെലിവറികള്‍ ഇഷ്ടപ്പെട്ടു. തുടര്‍ന്ന ഫണ്ടിനായി ഓഹരി വിപണികളിലേയ്ക്ക് നീങ്ങി. 2022 സെപ്റ്റംബറില്‍ ഇന്‍സ്റ്റകാര്‍ട്ട് ഓഹരി വില 30 ഡോളറായി നിശ്ചയിച്ചു. ഇതുവഴി 660 ദശലക്ഷം ഡോളര്‍ സമാഹരിച്ച് സ്ഥാപനത്തെ കൂടുതല്‍ മൂല്യവത്താക്കുകയായിരുന്നു.

Related Articles

Back to top button