കോഴിക്കോട്-വയനാട് നാലുവരി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന്

കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്ക പാത നിർമാണ പ്രവൃത്തി ഈ മാസം 31ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്
കോഴിക്കോട് ആനക്കാംപൊയിലിൽ നിന്ന് 22 കിലോമീറ്റർ യാത്ര ചെയ്താൽ വയനാട്ടിലെ മേപ്പാടിയിലെത്താൻ സഹായിക്കുന്നതാണ് നാലുവരി തുരങ്കപാത. താമരശ്ശേരി ചുരത്തിന് ബദലായുള്ള തുരങ്കപാത പൂർത്തിയാകുന്നതോടെ വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രാദുരിതത്തിന് അറുതിയാകും
വയനാട്ടിലെ വിനോദ സഞ്ചാരമേഖലക്കും തുരങ്കപാത വലിയ ഉണർവ് നൽകും. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് നിർമാണം. ഭോപ്പാലിലുള്ള ദിലീപ് ബിൽഡ്‌കോൺ, കൊൽക്കത്തയിലെ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. മൂന്ന് വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.