Kerala

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. നാല് പ്രതികളെയും തിരിച്ചറിഞ്ഞു. സംഘം സഞ്ചരിച്ച വാഹനം കണിയാൻമ്പറ്റയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ട് മാനന്തവാടി കുടൽകടവിൽ ആയിരുന്നു കൊടുംക്രൂരത. ചെക്ക്ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി ഉണ്ടായി. ഇത് പരിഹരിക്കാൻ ശ്രമിച്ച ആദിവാസി യുവാവായ ചെമ്മാട് നഗർ സ്വദേശി മാതനെ കാറിൽ കൈ കുരുക്കിയശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.

മാതന്റെ നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതര പരുക്കേറ്റു. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നേരെ പലതവണ കയ്യേറ്റവും അസഭ്യ വർഷവും ഉണ്ടായി. കുറ്റിപ്പുറം സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.

 

Related Articles

Back to top button
error: Content is protected !!