സിന്ധു നദീതടം പാക്കിസ്ഥാന്റെ മുല്ലപ്പെരിയാർ; കരാർ റദ്ദാക്കിയാൽ പാക്കിസ്ഥാനുണ്ടാകുക ഗുരുതര പ്രത്യാഘാതങ്ങൾ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ നടപടികളാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 1960ലെ സിന്ധു നദിജല കരാർ റദ്ദാക്കുമെന്ന പ്രഖ്യാപനം. ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധകാലത്ത് പോലും ഇന്ത്യ മുതിരാത്ത തീരുമാനമാണ് പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സ്വീകരിച്ചത്. പാക്കിസ്ഥാന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കടുത്ത തീരുമാനം തന്നെയാണിത്.
തമിഴ്‌നാടിന് മുല്ലപ്പെരിയാർ എങ്ങനെയാണോ അതിനേക്കാളും പ്രധാനപ്പെട്ടതാണ് പാക്കിസ്ഥാന് ഇന്ത്യയിൽ നിന്നുള്ള സിന്ധു നദീയിലെ ജലം. കരാർ റദ്ദാക്കുന്നതോടെ ജലസേചനം, ഊർജോത്പാദനം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക സ്ഥിരത തുടങ്ങിയ മേഖലകളിൽ വലിയ പ്രതിസന്ധികൾക്ക് ഇത് ഇടയാക്കും
ജലസേചന പ്രതിസന്ധി തന്നെയാണ് ഇതിൽ പ്രധാനം. പാക്കിസ്ഥാനിലെ കൃഷി പ്രധാനമായും സിന്ധു നദിതടത്തിലെ ജലത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. സിന്ധു, ഝലം, ചിനാബ്, രവി, ബിയാസ്, സത്‌ലജ് എന്നീ നദികളാണ് ഈ മേഖലയിലെ ജലസേചനത്തിന്റെ സ്രോതസ്സ്. ഇതിൽ രവി, ബിയാസ്, സത്‌ലജ് എന്നീ കിഴക്കൻ നദികളുടെ നിയന്ത്രണം ഇന്ത്യക്കാണ്. സിന്ധു, ഝലം, ചിനാബ് എന്നിവയുടെ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടാണ് 1960ലെ കരാർ വന്നത്. കരാർ റദ്ദാക്കുന്നതോടെ പടിഞ്ഞാറൻ നദികളിലെ ജലത്തിന്റെ ഒഴുക്ക് ഇന്ത്യക്ക് നിയന്ത്രിക്കാൻ സാധിക്കും
പാക്കിസ്ഥാനിലെ പഞ്ചാബ്, സിന്ധ് തുടങ്ങിയ പ്രാധാന കാർഷിക മേഖലകളിൽ ജലക്ഷാമത്തിന് ഇത് ഇടയാക്കും. വിളകളുടെ ഉത്പാദനത്തെ ബാധിക്കുന്നതോടെ ഭക്ഷ്യക്ഷാമത്തിനും കാർഷിക വരുമാന ഇടിവിനും കാരണമാകും. അതുപോലെ തന്നെയാണ് ഊർജ പ്രതിസന്ധിയും. പാക്കിസ്ഥാനിലെ നിരവധി ജലവൈദ്യുതി പദ്ധതികളുടെ പ്രവർത്തനവും തടസ്സപ്പെടും. ഇത് വ്യവസായങ്ങളെയും ഗാർഹിക ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കും
ജലസേചനം തടസ്സപ്പെട്ടാൽ പാക്കിസ്ഥാനിലെ ഭക്ഷ്യസുരക്ഷയും താറുമാറാകും. ഗോതമ്പ്, നെല്ല്, പരുത്തി വിളകളുടെ ഉത്പാദനം കുറയും. വില വർധനവുണ്ടാകുന്നതോടെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകും. കൃഷി, ജലവൈദ്യുതി തുടങ്ങിയ പ്രധാന മേഖലകൾ തകർച്ചയെ നേരിട്ടാൽ പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെയും ഇത് കാര്യമായി ബാധിക്കും. കരാർ റദ്ദാക്കുന്നത് അന്താരാഷ്ട്ര തലത്തിലും പാക്കിസ്ഥാന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കും.