World

100 ശതമാനത്തിനു മുകളില്‍ കടമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനും ജപ്പാനും യുഎസും ഉള്‍പ്പെടെയുള്ള വമ്പന്മാര്‍

ലണ്ടന്‍: വ്യക്തികള്‍ക്കായാലും രാജ്യങ്ങള്‍ക്കായാലും കടം അസ്വസ്ഥജനകമായ കാര്യമാണ്. ഒരുകാലത്ത് ലോകത്തെ വിറപ്പിച്ച ബ്രിട്ടനും ജപ്പാനും യുഎസുമെല്ലാം ഇന്ന് മൂക്കറ്റം കടത്തില്‍ മുങ്ങി ചക്രശ്വാസം വലിക്കുന്ന സ്ഥിതിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് ചരിത്രം വിശേഷിപ്പിച്ച പഴയ ബ്രിട്ടന്‍ ഇന്ന് യുകെ ആണെങ്കിലും കടത്താല്‍ ശ്വാസംമുട്ടി എന്തുചെയ്യണമെന്നു അറിയാത്ത സ്ഥിതിയിലാണ്.

അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ ശരിയാണെങ്കില്‍, യുകെയുടെ കടം അതിന്റെ ജിഡിപിയുടെ 100 ശതമാനമാണ്. തീര്‍ത്തും ഭയാനകമായ അവസ്ഥയിലാണ് യുകെയുടെ സാമ്പത്തിക നിലയെന്നു ചുരുക്കം. 1961ന് ശേഷമുള്ള യുകെയുടെ ഏറ്റവും ഉയര്‍ന്ന കടബാധ്യതയാണിതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

താങ്ങാനാവത്ത സാമ്പത്തിക ഭാരവുമായി ഇഴഞ്ഞുപോലും നീങ്ങാനാവാത്ത പരുവത്തിലായിരിക്കുന്ന യുകെ സര്‍ക്കാര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം 1,52,304 കോടി ഇന്ത്യന്‍ രൂപ കടമെടുത്തെന്നാണ് ബ്രിട്ടന്റെ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് കടത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ് 36,686 കോടി രൂപയാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
കടം വേതാള രൂപമെടുത്ത് മുന്നില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ ആത്മവിശ്വാസം തകര്‍ന്നടിഞ്ഞ നിലയിലാണ്. രാജ്യത്തെ ഭരണനേതൃത്വം ഇപ്പോള്‍ ആകെ ഇരുട്ടില്‍തപ്പുന്ന സ്ഥിതിയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൗരന്മാരുടെ സ്ഥിതിയും വ്യത്യസ്തമല്ല, എങ്ങനെ ഈ പ്രതിസന്ധിയെ മറിടക്കാനാവുമെന്ന ആശങ്കയിലാണ് അവരും കഴിയുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഒക്ടോബര്‍ 30ന് നടക്കാനിരിക്കുന്ന ബജറ്റില്‍ വന്‍ നികുതി വര്‍ദ്ധനയും, ക്ഷേമ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കലും ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടായേക്കാമെന്നാണ് പൗരന്മാര്‍ ആശങ്കപ്പെടുന്നത്. ഭരണനേതൃത്വം ഇത്തരം ഒരു സൂചന നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഇത് യുകെയിലെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കടത്തിന്റെ കാര്യമെടുത്താല്‍ ഏഷ്യന്‍ സാമ്പത്തിക ശക്തിയായ ജപ്പാന്റെ സ്ഥിതിയും മറിച്ചല്ല. ജിഡിപിയുടെ 250 ശതമാനമാണ് കുടിശികയായി സര്‍ക്കാരിന് മുന്നിലുള്ളത്. ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തി തങ്ങളാണെന്നു ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യുഎസിന്റെ കടം ജിഡിപിയുടെ 122 ശതമാനം ആണ്. ഗ്രീസ്, സിംഗപ്പൂര്‍, ഇറ്റലി എന്നിവയും 100 ശതമാനത്തിനു മുകളില്‍ കടമുള്ള രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
നമ്മുടെ അയല്‍രാജ്യവും കുതിച്ചുയരുന്ന സാമ്പത്തിക ശക്തിയുമായ ചൈനയുടെ കടം ജിഡിപിയുടെ 87.4 ശതമാനമാണ്.

എന്തായാലും ലോകത്തെ വന്‍ സാമ്പത്തിക ശക്തികള്‍ കടത്താല്‍ അനങ്ങാന്‍ സാധിക്കാത്ത അവസ്ഥയില്‍ തുടരുന്നത് ലോക സാമ്പത്തിക രംഗത്തിന് ശുഭകരമായ കാര്യമല്ലെന്നുതന്നെ പറയേണ്ടിവരും.

Related Articles

Back to top button