സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശം; ഗ്രീഷ്മയുടെ എല്ലാ വാദങ്ങളും പാടേ തള്ളി കോടതി
പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ. വളരെ നിർണായകമായ നിരീക്ഷണങ്ങൾ നടത്തിയ ശേഷമായിരുന്നു നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. 586 പേജുള്ള വിധി പ്രസ്താവമാണ് കോടതി നടത്തിയത്. ഗ്രീഷ്മ മുന്നോട്ടുവെച്ച എല്ലാ വാദങ്ങളും കോടതി പാടേ തള്ളിക്കളഞ്ഞു.
ഷാരോണിന് പരാതിയുണ്ടോയെന്ന കാര്യം പ്രസക്തമല്ല. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്‌നേഹിച്ചിരുന്നു. ഗ്രീഷ്മ ശിക്ഷിക്കപ്പെടണമെന്ന് ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. 11 ദിവസം തുള്ളി വെള്ളം പോലും കുടിക്കാതെയാണ് ഷാരോൺ മരണക്കിടക്കയിൽ കിടന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് കൊലപാതകം നടന്നത്. സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് നൽകുന്നതെന്നും കോടതി പറഞ്ഞു
പിടിച്ചുനിൽക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌നേഹബന്ധം തുടരുമ്പോഴാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്. ജ്യൂസ് ചലഞ്ച് നടത്തുമ്പോൾ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോൺ സംശയിച്ചിരുന്നു. അതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത്. ഗ്രീഷ്മയെ ഷാരോൺ മർദിച്ചതിന് തെളിവില്ലെന്നും കോതി പറഞ്ഞു. ഗ്രീഷ്മ ക്രിമിനൽ സ്വഭാവമുള്ള വ്യക്തി തന്നെയാണെന്ന് ബോധ്യപ്പെട്ടതായും കോടതി വ്യക്തമാക്കി.