വിലാപയാത്ര 17 മണിക്കൂറുകൾ പിന്നിട്ടു; കൊല്ലത്തിന്റെ വിപ്ലവ മണ്ണും പിന്നിട്ട് ആലപ്പുഴയിലേക്ക്

വിപ്ലവ നായകൻ വിഎസ് അച്യുതാനന്ദന് വീരോചിത യാത്രയയപ്പ് നൽകി നാട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപ യാത്ര ആലപ്പുഴയിൽ ഇതുവരെയും എത്തിച്ചേർന്നിട്ടില്ല. ഇന്നലെ രാത്രി പത്ത് മണിയോടെ ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പാതയോരങ്ങളിൽ കാത്തുനിന്ന പതിനായിരങ്ങളുടെ വികാരാവേശത്തിൽ യാത്ര വൈകുകയായിരുന്നു
വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്ര കൊല്ലത്തിന്റെ വിപ്ലവ മണ്ണും പിന്നിട്ട് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. ഇപ്പോൾ കൊല്ലം ഓച്ചിറയിലാണ് വിലാപയാത്ര നടക്കുന്നത്. അടുത്തത് കെപിഎസി ജംഗ്ഷനാണ്. രാത്രിയിലുടനീളം ദേശീയപാതയുടെ അരികിൽ ആയിരക്കണക്കിന് ആളുകളാണ് വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാനായി കാത്തുനിന്നത്
പുലർച്ചെയായിട്ടും ആളുകൾ ഇപ്പോഴും റോഡരികുകളിൽ തടിച്ചുകൂടി നിൽക്കുകയാണ്. തങ്ങളുടെ പ്രിയ നേതാവിന് വിട നൽകാനായി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പാണ് അവരുടേത്. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരങ്ങൾ കാത്തുനിൽക്കുന്നത്.
ഭൗതികശരീരം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലാണ് ആദ്യം എത്തിക്കുക. പിന്നീട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. വൈകിട്ടാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വിഎസിനോടുള്ള ആദരസൂചകമായി ഇന്ന് ആലപ്പുഴയിൽ അവധിയാണ്.