UAE

അല്‍ ഐനിലും ഫുജൈറയിലും ഇന്ന് കാറ്റിനും മഴക്കും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം

അല്‍ ഐന്‍: രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന അല്‍ ഐന്‍, ഫുജൈറ, കല്‍ബ, ഘോര്‍ക്കാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കാറ്റിനും മഴക്കും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 10 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റുവീശുക. പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ റോഡില്‍ ദൂരക്കാഴ്ച കുറവായിരിക്കുമെന്നും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്നലെ രാജ്യത്തെ താപനില അഞ്ചു മുതല്‍ 25 ഡിഗ്രി സല്‍ഷ്യസ് വരെ ആയിരുന്നു. പര്‍വത പ്രദേശങ്ങളിലും ഉള്‍നാടുകളിലും ആണ് താപനില നന്നേ കുറഞ്ഞത്. ഇന്നലെ റാസല്‍ഖൈമയിലെയും ഫുജൈറയിലെയും പല സ്ഥലങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. ഉച്ചക്ക് തുടങ്ങിയ മഴ വിവിധ പ്രദേശങ്ങളില്‍ വൈകിട്ട് വരെ തുടര്‍ന്നു. ദുബൈ, ഷാര്‍ജ, അജ്മല്‍ തുടങ്ങിയ എമിറേറ്റുകളില്‍ നേരിയ മഴയാണ് ഉണ്ടായത്. മഴ ഉള്‍പ്പെടെയുള്ള അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്നലെ പലസ്ഥലങ്ങളിലും ദേശീയ കാലാവസ്ഥ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

മഴയെ തുടര്‍ന്ന് റാസല്‍ഖൈമയിലെയും ഫുജൈറയിലെയും വിവിധ പ്രദേശങ്ങളിലെയും മഴ ബാധിച്ച സ്ഥലങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഇത്തരം സ്ഥലങ്ങളിലേക്കും വാദികളില്‍ ഇറങ്ങുന്നതിനും അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷാര്‍ജ കോര്‍ണിഷ് ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 1.20നാണ് മഴപെയ്തത്. ദുബൈയിലെ അല്‍ റഹ്മാനിയ, ഡിഐപി, അല്‍ ബതായിഹ് എന്നിവിടങ്ങളിലും ഉച്ചക്കുശേഷം മഴ പെയ്തു. ഇന്നലെ പൊതുവില്‍ മേഘാവൃതമായ കാലാവസ്ഥയായിരുന്നു രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!