പുത്തന്‍ യെസ്ഡി വരുന്നു; ഹിമാലയന്റെ ഗതിയെന്താവും? വില തുടങ്ങുന്നത് 2.10 ലക്ഷത്തില്‍
പുനെ: സാഹസികത ഇഷ്ടപ്പെടുന്ന യുവതലമുറക്കായി ജാവയുടെ യെസ്ഡി വീണ്ടും വരുന്നു. അഡ്വഞ്ചര്‍ ശ്രേണിയിലാണ് പുതിയ യെസ്ഡിയെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. ആകര്‍ഷകമായ വിലയും സൂപ്പര്‍ ഫീച്ചറുകളും ഒത്തിണക്കി എത്തിക്കുന്ന ഈ ഇരുചക്ര വാഹനം പഴയ ഹിമാലയന്റെ അപരന്‍ എന്ന നിലയിലും ഏറെ പ്രസിദ്ധമാണ്. പുത്തന്‍ വരവില്‍ കമ്പനി മാറിയെന്നതാണ് ഏക വ്യത്യാസം.
ഗതകാല സ്മരണകളും പേറി വിപണി പിടിക്കാന്‍ എത്തുന്ന യെസ്ഡിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഒന്നാംതലമുറ ഹിമാലയന്‍ തന്നെ. ചരിത്രം ഉറങ്ങുന്ന യെസ്ഡി ബ്രാന്‍ഡ് മോട്ടോര്‍ സൈക്കിളിന്റെ പുത്തന്‍ പതിപ്പാണിത്. രണ്ടാം തലമുറ ഹിമാലയന് ഊര്‍ജം പകരാനായി റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ നിന്നു പിന്‍വലിച്ച ഒന്നാം തലമുറ ഹിമാലയന് ഇന്നും ഏറെ ആരാധകര്‍ ഉണ്ടെന്നത് തങ്ങള്‍ക്ക് മെച്ചമാവുമെന്നാണ് നിര്‍മാതാക്കളായ ജാവ ഇന്ത്യയുടെ കണക്കുകൂട്ടല്‍.
പുതുക്കിയ മാനദണ്ഡങ്ങളില്‍ എത്തുന്ന വാഹനം റോഡിലെ പ്രകടനത്തില്‍ ഒരു വീട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്ന് ഫീച്ചറുകളിലേക്ക് കടന്നാല്‍ ബോധ്യമാവും. 29.19 ബിഎച്ച്പി കരുത്തും 29.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 334 സിസി ആല്‍ഫ 2 എന്‍ജിനാണ് യെസ്ഡി അഡ്വഞ്ചറില്‍ കമ്പനി നല്‍കിയിട്ടുള്ളത്. ഇത് മുന്‍ഗാമികളെ അപേക്ഷിച്ച് 0.6 ബിഎച്ച്പിയുടെ കുറവ് കാണിക്കുന്നു. എന്നാല്‍ മറ്റു മെക്കാനിക്കല്‍ ഘടകങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും കാണാനാവില്ല.
പുതിയ ആല്‍ഫ 2 ലിക്വിഡ്- കൂള്‍ഡ് എന്‍ജിന്‍, സ്വിച്ചുചെയ്യാവുന്ന എബിഎസ് മോഡുകള്‍ പോലുള്ള നിര്‍ണായക സവിശേഷതകള്‍, ആറ് സ്പീഡ് ഗിയര്‍ബോക്‌സ് എന്നിവ വാഹനത്തിന്റെ കരുത്തു എടുത്തുകാട്ടുന്നു. ഓണ്‍ബോര്‍ഡ് യുഎസ്ബി ചാര്‍ജര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ സവിശേഷതകളും യെസ്ഡി അഡ്വഞ്ചറിന് ലഭിക്കും. ബോള്‍ഡ് ഡിസൈന്‍, നൂതന സവിശേഷതകള്‍, തോല്‍പ്പിക്കാനാവാത്ത പ്രകടനം എന്നിവയാണ് കമ്പനി യെസ്ഡി അഡ്വഞ്ചറില്‍ വാഗ്ദാനം ചെയ്യുന്നത്. യുവാക്കളെ ലക്ഷ്യം വച്ചാണു വാഹനം പുറത്തിറക്കിയിരിക്കുന്നതെന്നു ഇതില്‍നിന്നും വ്യക്തമാണ്.
പുത്തന്‍ യെസ്ഡി സാഹസികത എല്ലായ്‌പ്പോഴും തികഞ്ഞ സന്തുലിതാവസ്ഥ ഉള്‍ക്കൊള്ളുന്നുവെന്നും, ഏത് ഭൂപ്രദേശത്തെയും കീഴടക്കാന്‍ സാധിക്കുമെന്നും അവതരണവേളയില്‍ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ സിഇഒ ആശിഷ് സിംഗ് ജോഷി വ്യക്തമാക്കിയിരുന്നു. 2.10 ലക്ഷം രൂപയിലാണ് മോഡലുകളുടെ വില തുടങ്ങുന്നത്. പുനര്‍രൂപകല്‍പ്പന ചെയ്ത എക്‌സ്‌ഹോസ്റ്റ്, രൂപകല്‍പ്പനയിലെ സൂക്ഷ്മമായ മാറ്റങ്ങള്‍, ഭാരക്കുറവ് എന്നിവ പുത്തന്‍ യെസ്ഡി അഡ്വഞ്ചറിനെ മുന്‍തലമുറക്കാരനില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.
ഗ്ലോസ് ഗ്ലേസിയര്‍ വൈറ്റ്(2.20 ലക്ഷം രൂപ), ഗ്ലോസ് വുള്‍ഫ് ഗ്രേ(2.16 ലക്ഷം രൂപ), മാറ്റ് മാഗ്നൈറ്റ് മെറൂണ്‍(2.13 ലക്ഷം രൂപ), മാറ്റ് ടൊര്‍ണാഡോ ബ്ലാക്ക്(2.10 ലക്ഷം രൂപ) എന്നിങ്ങനെ നാലു വേരിയന്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.