കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുമ്പായി എൻഐഎ കോടതിയിൽ സമർപ്പിക്കും

ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുൻപായി എൻഐഎ കോടതിയെ സമീപിക്കാൻ നീക്കം. സീനിയർ അഭിഭാഷകന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഹൈക്കോടതിയിൽ ഇന്ന് ഹർജി സമർപ്പിച്ചാൽ നടപടിക്രമങ്ങൾ നീണ്ടുപോയി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയേക്കാമെന്ന സാധ്യത പരിശോധിച്ച ശേഷമാണ് തീരുമാനം.
ഹൈക്കോടതി നാളെയും മറ്റന്നാളും അവധിയാണെന്നതും എൻഐഎ കോടതി നാളെ പ്രവർത്തിക്കുമെന്നതും കണക്കിലെടുത്താണ് നീക്കം. എൻഐഎ കോടതിയെ സമീപിക്കാമെന്ന് സെഷൻസ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു. ഇതുകൂടി വച്ചുകൊണ്ട് എൻഐഎ കോടതിയെ സമീപിക്കാനാണ് നീക്കം.
സഭാ നേതൃത്വവും അറസ്റ്റിലായ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ഒരുമിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്.