Kerala

23 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ പോയി; സർക്കാർ സംരക്ഷണമൊരുക്കും

കൊച്ചിയിൽ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിനെ വനിതാ ശിശുവികസന വകുപ്പ് സംരക്ഷിക്കുമെന്ന് മന്ത്രി വീണ ജോർജ്. ഇതുസംബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ ആശുപത്രി സന്ദർശിച്ച് തുടർ നടപടി സ്വീകരിക്കും

മാതാപിതാക്കൾ തിരികെ വന്നാൽ കുട്ടിയെ അവർക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു. ഇനി കുഞ്ഞിനെ അവർക്ക് വേണ്ട എന്നാണെങ്കിൽ നിയമപരമായ നടപടികളിലൂടെ കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുട്ടിക്ക് ഇനിയുള്ള ചികിത്സ ഉറപ്പാക്കാൻ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു

കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെതാണ് കുട്ടി. പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനിൽ വെച്ച് ഭാര്യക്ക് അസ്വസ്ഥതകളുണ്ടായത്. തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ എത്തിക്കുകയും പെൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു

ഒരു കിലോയിൽ മാത്രം ഭാരമായതിനാൽ വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് മാതാപിതാക്കളെ കാണാതായത്. മാതാപിതാക്കളായ മംഗളേശ്വറും രഞ്ജിതയും ആരോടും പറയാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!