കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദിച്ച തടവുകാരിയെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റി

കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മർദനത്തനിരയായ തടവുകാരിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ മർദനത്തിരയായ നൈജീരിയൻ പൗര ജൂലിയെ തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.
ഭാസ്‌കര കാരണവർ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഷെറിൻ കണ്ണൂർ വനിതാ ജയിലിലാണ് കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. നൈജീരിയൻ പൗരയായ തടവുകാരി കുടിവെള്ളം എടുക്കാൻ പോയപ്പോൾ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേർന്ന് മർദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്നാണ് കേസ്.
മർദ്ദനമേറ്റ തടവുകാരിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കണ്ണൂർ ടൗൺ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നേരത്തെ ഷെറിന് ശിക്ഷാ ഇളവ് നൽകാൻ അസാധാരണ വേഗത്തിൽ സർക്കാർ തീരുമാനമെടുത്തത് വിവാദമായിരുന്നു. ജയിലിലെ നല്ല നടപ്പും മാനസാന്തരവും നിയമപരമായ അർഹതയും പരിഗണിച്ചാണ്ജയിൽ മോചനത്തിന് ശുപാർശ നൽകിയതെന്നാണ് പറയുന്നത്.