സർക്കാർ നിശ്ചയിച്ച നിരക്ക് കൂടുതൽ; വയനാട് പുനരധിവാസത്തിൽ ഒറ്റയ്ക്ക് നീങ്ങാൻ മുസ്ലിം ലീഗ്
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സർക്കാരുമായി യോജിച്ച് പോകാതെ ഒറ്റയ്ക്ക് നീങ്ങാൻ മുസ്ലിം ലീഗ്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ മുസ്ലിം ലീഗിന് തൃപ്തിയായില്ല. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ദുരിതബാധിതർക്ക് 100 വീടുകൾ നിർമിച്ച് നൽകുമെന്നാണ് ലീഗിന്റെ പ്രഖ്യാപനം
എന്നാൽ പുനരധിവാസത്തിന് സർക്കാർ നിശ്ചയിച്ച നിരക്കും കാലാവധിയും തൃപ്തികരമല്ലെന്ന് ലീഗ് പറയുന്നു. ഒരു വീട് 1000 സ്‌ക്വയർ ഫീറ്റിന് 30 ലക്ഷം രൂപയാണ് സർക്കാർ നിശ്ചയിച്ച നിരക്ക്. എന്നാൽ ഈ നിരക്ക് കൂടുതൽ ആണെന്നാണ് ലീഗ് പറയുന്നത്. സ്വന്തം നിലയ്ക്ക് നിർമിച്ചാൽ ഇത്രത്തോളം വരില്ലെന്നും ലീഗ് പറയുന്നു
ഊരാളുങ്കലിന് നിർമാണ ചുമതല നൽകിയത് അഴിമതിയാണെന്നും ലീഗ് യോഗത്തിൽ അഭിപ്രായമുയർന്നു. സർക്കാർ പദ്ധതി സമയബന്ധിതമായി തീർക്കാനാകില്ലെന്നും ലീഗ് വിലയിരുത്തുന്നു. 36 കോടിയോളം രൂപയാണ് പുനരധിവാസത്തിനായി ലീഗ് പിരിച്ചത്.