ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ്; പക്ഷേ, വെബ്സൈറ്റ് പണിമുടക്കിയിട്ട് മണിക്കൂറുകൾ
ബിസിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് പണിമുടക്കിയിട്ട് മണിക്കൂറുകൾ. ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ വിവാദങ്ങൾ (BGT 2024 Controversies) കൊഴുക്കുന്നതിനിടെയാണ് ബിസിസിഐ വെബ്സൈറ്റ് പണിമുടക്കിയത്. വെബ്സൈറ്റ് ഡൗണായി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതുവരെ ഇത് പരിഹരിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് ആണെങ്കിലും വെബ്സൈറ്റിലെ പ്രശ്നങ്ങൾ കൃത്യസമയത്ത് പരിഹരിക്കാൻ പോലും ഇവർക്ക് കഴിയുന്നില്ല എന്ന വിമർശനം ഉയർന്നുകഴിഞ്ഞു.
ബിസിസിഐ വെബ്സൈറ്റ് ഔദ്യോഗിക അഡ്രസായ https://www.bcci.tv/ ൽ ഗേറ്റ്‌വേ ടൈംഔട്ട് ആണ് കാണിക്കുന്നത്. 504 ആണ് എറർ നമ്പർ. അതുകൊണ്ട് തന്നെ സെർവറുമായി ബന്ധപ്പെട്ട പ്രശ്നമാണിതെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ഇത്ര സമയമായിട്ടും പ്രശ്നം പരിഹരിക്കാത്തത് ഈ വിവാദങ്ങളിൽ നിന്ന് ഒളിച്ചോടാനാണെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
ഇതിനിടെ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ നിന്ന് മാറിനിൽക്കാൻ രോഹിത് ശർമ്മ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. ഇക്കാര്യം ടീം മാനേജ്മെൻ്റിനെ രോഹിത് അറിയിച്ചു എന്നും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും മുഖ്യ സെലക്ടർ അജിത് അഗാർക്കറും ഇത് അംഗീകരിച്ചു എന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. രോഹിതിൻ്റെ അഭാവത്തിൽ ശുഭ്മൻ ഗിൽ ടീമിൽ മടങ്ങിയെത്തും. കെഎൽ രാഹുൽ ഓപ്പണിംഗിലേക്ക് മാറും. ജസ്പ്രീത് ബുംറയാവും ക്യാപ്റ്റൻ. രോഹിതിനെ അവസാന ടെസ്റ്റിൽ നിന്ന് പുറത്താക്കിയേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് സ്വയം പിന്മാറി എന്ന റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്.
രോഹിത് ടീമിൽ കളിക്കുമോ എന്ന ചോദ്യത്തിന് പരിശീലകൻ ഗൗതം ഗംഭീർ കൃത്യമായ ഉത്തരം പറയാത്തതായിരുന്നു ഈ വിഷയത്തിലെ ആദ്യ സൂചന. പിച്ച് നോക്കി ഫൈനൽ ഇലവൻ തീരുമാനിക്കുമെന്ന ഗംഭീറിൻ്റെ ഉത്തരം രോഹിതിനെ ടീമിൽ പരിഗണിച്ചേക്കില്ലെന്ന സൂചനയാണെന്ന് സോഷ്യൽ മീഡിയ വായിച്ചു. സ്ലിപ്പ് കോർഡനിൽ രോഹിതിന് പകരം നിതീഷ് കുമാർ റെഡ്ഡിയെ പരിശീലിപ്പിച്ചത് ഈ വായനയ്ക്ക് ശക്തിയായി. സാധാരണ രോഹിത് സ്ലിപ്പിലാണ് ഫീൽഡ് ചെയ്യാറ്. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടീം ക്യാപ്റ്റനെ പരിശീലകൻ മാറ്റിനിർത്തുമെന്ന തരത്തിൽ വാർത്തകൾ വന്നുതുടങ്ങി. ഇതിനൊടുവിലാണ് താൻ സ്വയം മാറിനിൽക്കുന്നതായി രോഹിത് ശർമ്മ അറിയിച്ചു എന്ന റിപ്പോർട്ട്. റിപ്പോർട്ട് ശരിയാണെങ്കിൽ ഇതോടെ രോഹിത് ശർമ്മയുടെ ടെസ്റ്റ് കരിയർ അവസാനിക്കും.
ബോർഡർ – ഗവാസ്കർ ട്രോഫിയിൽ വളരെ മോശം ഫോമിലാണ് രോഹിത്. അഡലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആറാം നമ്പരിലിറങ്ങിയ താരം ആദ്യ ഇന്നിംഗ്സിൽ മൂന്ന് റൺസിനും രണ്ടാം ഇന്നിംഗ്സിൽ ആറ് റൺസിനും പുറത്തായി. ഗാബയിലെ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ 10 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്തില്ല. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ഓപ്പണിംഗിലേക്ക് തിരികെയെത്തിയ രോഹിത് ശർമ്മ 3, 9 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്.