National
അർജുനായുള്ള തെരച്ചിൽ ഇന്ന് തുടരും; കയർ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ച് പരിശോധന
ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ ഇന്ന് തുടരും. തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുന്നതുവരെ മുങ്ങൽ വിദഗ്ധരാകും ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തുക. അനുമതി ലഭിച്ചാൽ നേവിയും തെരച്ചിലിൽ പങ്കെടുക്കും. അർജുന്റെ ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക
രാവിലെ ഒമ്പത് മണി മുതലാണ് തെരച്ചിൽ. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ സംഘാംഗങ്ങൾ, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ തെരച്ചിലിനുണ്ടാകും. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ നാവികസേനയും തെരച്ചിലിൽ പങ്കെടുക്കും
അർജുന് പുറമെ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കണ്ടെത്താനുണ്ട്. അർജുന് വേണ്ടിയുള്ള തെരച്ചിലിൽ പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പ്രതികരിച്ചു.