ഇപ്പോഴും തുടരുന്ന ഭിന്നത; ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല
സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന തീരുമാനത്തിൽ സർക്കാർ. ഇപ്പോളും തുടരുന്ന ഭിന്നത കണക്കിലെടുത്താണ് തീരുമാനം. മുൻ ഗവർണർ പി സദാശിവത്തിന് സർക്കാർ പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകിയിരുന്നു. മസ്കറ്റ് ഹോട്ടലിൽ വെച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സദാശിവത്തിന് യാത്രയയപ്പ് നൽകിയത്. വിമാനത്താവളത്തിൽ സദാശിവത്തെ യാത്രയാക്കാനും മുഖ്യമന്ത്രി പോയിരുന്നു
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാജ്ഭവൻ ജീവനക്കാർ നൽകാനിരുന്ന യാത്രയയപ്പ് ചടങ്ങും റദ്ദാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം കണക്കിലെടുത്താണ് ചടങ്ങ് ഒഴിവാക്കിയത്.
ആരിഫ് മുഹമ്മദ് ഖാൻ ഞായറാഴ്ച കേരളത്തിൽ നിന്ന് മടങ്ങും. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം. ബിഹാർ ഗവർണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചത്. നിലവിലെ ബിഹാർ ഗവർണർ വിശ്വനാഥ് ആർലേക്കറാണ് പുതിയ കേരളാ ഗവർണർ. അദ്ദേഹം ജനുവരി രണ്ടിന് ചുമതലയേൽക്കും.