മോഷ്ടാവ് സംസാരിച്ചത് ഹിന്ദി; കവർന്നത് മൂന്ന് ബണ്ടിൽ, കാഷ് കൗണ്ടറിൽ ഉണ്ടായിരുന്നത് 47 ലക്ഷം രൂപ: തൃശ്ശൂർ റൂറൽ എസ് പി

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയ പ്രതിയെക്കുറിച്ച് കൃത്യമായ സൂചനയുണ്ടെന്ന് തൃശ്ശൂർ റൂറൽ എസ് പി ബി കൃഷ്ണകുമാർ. പ്രതി എവിടേക്കാണ് പോയതെന്ന് സൂചനയുണ്ട്. വാഹനത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചു. ബാങ്കിൽ കവർച്ചക്കെത്തിയപ്പോൾ ഒറ്റക്കേ ഉണ്ടായിരുന്നുള്ളു. റെയിൽവേ ലൈൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി വ്യക്തമാക്കി.
പ്രതിക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് തൃശ്ശൂർ റൂറൽ എസ് പി ബി കൃഷ്ണകുമാർ പറഞ്ഞു. കാഷ് കൗണ്ടറിൽ ഉണ്ടായിരുന്നത് 47 ലക്ഷം രൂപയായിരുന്നു. ഇതിൽ നിന്ന് മൂന്ന് ബണ്ടിലാണ് കവർച്ച ചെയ്തത്. ഹിന്ദിയിൽ ആണ് സംസാരിച്ചത്. 2.12നായിരുന്നു മോഷ്ടാവ് ബാങ്കിലെത്തിയത്. ഈ സമയം ആ സമയത്ത് പ്യൂൺ മാത്രമാണ് ഉണ്ടായിരുന്നതെന്ന് എസ്പി പറഞ്ഞു.
ബാങ്ക് കവർച്ചയെ തുടർന്ന് റൂറൽ മേഖലയിൽ ഹൈ അലർട്ട് പുറപ്പെടുവിച്ചു. എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രതിക്കായി തിരച്ചിലിന് നിർദേശം നൽകി. മോഷണ ശേഷം പ്രതികൾ ആലുവ റൂറൽ മേഖലയിലേക്ക് കടന്നോ എന്ന സംശയത്തെ തുടർന്നാണ് പരിശോധന. ആലുവ റൂറൽ എസ്പിയാണ് നിർദേശം നൽകിയത്. ബാങ്കിനുള്ളിലേക്ക് പ്രവേശിച്ച മോഷ്ടാവ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവനക്കാരെ ഒരു മുറിയിൽ പൂട്ടിയിട്ടു.
കാഷ് കൗണ്ടർ തല്ലിപ്പൊളിച്ചാണ് പണം കവർന്നത്. മതിയായി സുരക്ഷ ബാങ്കിൽ ഇല്ലാത്തതാണ് പട്ടാപ്പകൽ മോഷണത്തിന് ഇടയാക്കിയത്.മോഷ്ടാവ് എത്തുമ്പോൾ ബാങ്കിൽ രണ്ട് ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്കൂട്ടറിലാണ് മോഷ്ടാവ് ബാങ്കിലെത്തിയത്. ബാങ്കിനെക്കുറിച്ച് കൃത്യമായ വിവരമുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന് നിഗമനം.