Kerala

ചാകര വരാതിരിക്കില്ല; സുനാമിപ്പേടിയും വേണ്ട: ആഴക്കടല്‍ ഖനനം തീരദേശത്തെ ബാധിക്കാന്‍ പോകുന്നത്….?

തിരുവനന്തപുരം: കേരളത്തിന്‍റെ തീരമേഖലയില്‍ കൊല്ലം ജില്ലയില്‍ ആഴക്കടൽ ഖനനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. കേന്ദ്ര നീക്കത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് ഭരണമുന്നണിയായ എല്‍ഡിഎഫ് പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിനെ ക്ഷണിച്ചെങ്കിലും അവര്‍ ആ അഭ്യര്‍ത്ഥന തള്ളിയിരിക്കുകയാണ്. ഇടതുമുന്നണിയും കോണ്‍ഗ്രസും സ്വന്തം നിലയ്ക്ക് പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെടുത്തിരിക്കുന്നത്.

ആഴക്കടല്‍ ഖനന പദ്ധതി എന്ത് ?

കൊല്ലം തീര മേഖലയിലെ 242 ചതുശ്ര കിലോമീറ്റര്‍ പ്രദേശത്തെ ധാതുകള്‍ ഖനനം ചെയ്യാനുള്ള ടെന്‍ഡര്‍ നടപടികള്‍ ഫെബ്രുവരി 27 ന് പൂര്‍ത്തിയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. കേരളാ തീരത്ത് നിര്‍മ്മാണാവശ്യങ്ങള്‍ക്ക് യോജിച്ച 74.5 കോടി ടണ്‍ കടല്‍മണല്‍ നിക്ഷേപമുണ്ടെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലിന് പിന്നാലെയായിരുന്നു കേന്ദ്ര സർക്കാരിന്‍റെ ഈ നീക്കം.

അനുകൂലിച്ച് വിദഗ്‌ധര്‍, എതിര്‍ത്ത് രാഷ്ട്രീയ കക്ഷികള്‍

കേരള തീര മേഖലയില്‍ ആഴക്കടല്‍ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകവേ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ രാപ്പകല്‍ സമരവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ധാതുമണല്‍ ഖനനം പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയില്‍ ചില പ്രതിസന്ധികള്‍ ഉയര്‍ത്തുന്നതിനോടൊപ്പം നിര്‍മ്മാണ രംഗത്ത് വലിയ വ്യാവസായിക നേട്ടമുണ്ടാകുമെന്നാണ് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്.

വിദഗ്‌ധര്‍ പറയുന്നു

(NCESS) നാഷണല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് പോലെയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ആഴക്കടല്‍ ഖനനം ഏത് തരത്തില്‍ തീര മേഖലയെ ബാധിക്കുമെന്ന് വിശദമായി പഠിച്ചുണ്ട്. ആഴക്കടല്‍ ഖനനം സിലിക്ക, മാംഗനീസ് തുടങ്ങിയ ധാതുക്കളുടെ വലിയ സാധ്യത തുറക്കുമ്പോള്‍ പരമ്പരാഗത മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.

ഈ മേഖലയില്‍ ഗവേഷണം തുടരുന്നതിനാല്‍ പലരും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിലാണ് ഇടിവി ഭാരതിനോട് പ്രതികരിച്ചത്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തന്നെ അട്ടിമറിക്കാനോ കടലിന്‍റെ ആവാസവ്യവസ്ഥയെ അപ്പാടെ തകര്‍ക്കാനോ 242 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ ഖനനം കൊണ്ടാവില്ലെന്ന് വളരെ മുതിര്‍ന്ന ഗവേഷകന്‍ വ്യക്തമാക്കി.

തീരത്തു നിന്നും 10 കിലോമീറ്ററോളം ഉള്ള കടലില്‍ ഖനനം നടക്കുമ്പോള്‍ പ്രദേശത്തെ മത്സ്യങ്ങള്‍ 6-7 കിലോമീറ്ററോളം മാറി പോകും. ട്രോളിംഗ് മത്സ്യബന്ധനവും സമാനമായ ആഘാതമാണ് കടലിന്‍റെ ആവാസവ്യവസ്ഥയില്‍ സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിലിക്ക വരും ആല്‍ഗെ പോകും

സിലിക്കയുടെ സാന്നിധ്യമാണ് ആഴക്കടലിലെ ഖനനത്തിനുള്ള പ്രധാന ആകര്‍ഷണം. ഭക്ഷണം, ഇലക്‌ട്രോണിക്‌സ്, മരുന്ന് എന്നിങ്ങനെ ആധുനിക മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിലെ എല്ലാ മേഖലയിലും സിലിക്കയുടെ സാന്നിധ്യമുണ്ട്. കരിമണലിന് തുല്യമായ ധാതുമണല്‍ ഖനനം ചെയ്‌താൽ ഇതിലെ ഉപ്പു രസം ഒഴിവാക്കിയാൽ തന്നെ ധാതുകള്‍ വേര്‍തിരിക്കാനാകുമെന്ന് വിദഗ്‌ധര്‍ പറയുന്നു.

ഇതിനായി ഖനനം ചെയ്‌ത മണല്‍ ശുദ്ധവെള്ളത്തില്‍ കഴുകണം, അല്ലെങ്കില്‍ കൂട്ടിയിട്ടു മഴ നനയിപ്പിക്കണം. ഖനനം ചെയ്യുമ്പോള്‍ പ്രധാനമായും 242 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ കടല്‍ വെള്ളം കലങ്ങും. ഇതോടെ ഇതിനോട് ചേര്‍ന്നുള്ള പ്രദേശത്തെ ആല്‍ഗെകളുടെ വളര്‍ച്ച നിലയ്ക്കും. പക്ഷെ ഖനനം നടക്കുന്ന പ്രദേശത്തു മാത്രമേ ഈ പ്രശ്‌നമുണ്ടാകു.

കലക്കുവെള്ളത്തില്‍ നിന്നും 5-6 കിലോമീറ്റര്‍ മാറി മത്സ്യലഭ്യതയുണ്ടാകും. ഫിഷിംഗ് ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് മത്സ്യം തേടി കിലോമീറ്ററുകളോളം മാറി സഞ്ചരിക്കുന്നതു വലിയ ആയാസമില്ല. പക്ഷെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇതു ബാധിക്കും. കിലോമീറ്ററുകളോളം തുഴയെറിഞ്ഞു മത്സ്യം തേടി പോകേണ്ടി വരും.

മാത്രമല്ല, മത്സ്യങ്ങളുടെ കേന്ദ്രീകരണവും അട്ടിമറിക്കപ്പെടും. സീസണല്‍ അടിസ്ഥാനത്തിലാകും ഓരോ ഇനം മത്സ്യലഭ്യത. കടല്‍വെള്ളം കലങ്ങുമ്പോള്‍ ഖനനം നടക്കുന്നിടത്തു നിന്നും മാറിപോകുന്ന മത്സ്യങ്ങള്‍ എങ്ങോട്ട് മാറുമെന്നു പ്രവചിക്കാനാവില്ല. മത്സ്യബന്ധനത്തിനു പോകുന്നവര്‍ മത്സ്യം തേടി അലയേണ്ടി വരുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

അടിസ്ഥാനമില്ലാത്ത ആശങ്കകള്‍

തീരശോഷണവും സുനാമി ആശങ്കകളും അടിസ്ഥാനരഹിതമാണെന്നാണ് മുതിര്‍ന്ന ഗവേഷകര്‍ വ്യക്തമാക്കുന്നത്. തീരത്തെ സുനാമിയെ തടയാനുള്ള പ്രകൃതി ദത്ത സംവിധാനങ്ങളെ ഖനനം തകര്‍ക്കില്ല. താരതമ്യേന വളരെ കുറച്ചു ഭാഗത്തു മാത്രമേ ഖനനമുള്ളുവെന്നതാണ് ഇതിന് കാരണം. തീരശോഷണത്തെ സ്വാധീനിക്കാനും ഖനനത്തിനാവില്ല. പുലിമുട്ടുകള്‍ തന്നെയാണ് തീരശോഷണത്തിന് പ്രധാന കാരണം.

കടലില്‍ വെള്ളം വെറുതെ കിടക്കുകയല്ല. കടലില്‍ ഒരു ഒഴുക്കുണ്ട്. ഓരോ തീരത്തെയും ഒഴുക്കിന്‍റെ സമ്മര്‍ദ്ദ വ്യതിയാനങ്ങള്‍ക്കനുസരിച്ചാകും തിരയടിക്കുക. ഈ വ്യതിയാനങ്ങള്‍ മനസിലാക്കി വേണം പുലിമുട്ടുകള്‍ ഓരോ പ്രദേശത്തും ഓരോ തരത്തില്‍ നിര്‍മ്മിക്കേണ്ടത്. ഈ ഒഴുക്കിന്‍റെ ഗതി മനസിലാക്കി മാത്രമേ ഖനനവും സാധിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചാകര വരുമോ?

242 ചതുരശ്ര കിലോമീറ്റര്‍ എന്നു പറയുമ്പോള്‍ ഏകദേശം 16 കിലോമീറ്റര്‍ വീതിയിലും നീളത്തിലുമാകും ഖനനമെന്നു വിദഗ്‌ധര്‍ പറയുന്നു. 242 കിലോമീറ്റര്‍ എന്നു കേള്‍ക്കുമ്പോള്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ദൂരമുണ്ടെന്ന തെറ്റിദ്ധാരണ ഇതു കേള്‍ക്കുമ്പോഴുണ്ടാകാം. കേരളത്തില്‍ പുറക്കാട് മുതല്‍ ആലപ്പുഴ വരെയും തൃശൂര്‍ ജില്ലയിലെ ചാവക്കാടിന് സമീപത്തുമാണ് സ്ഥിരമായി ചാകരയുണ്ടാകാറുള്ളത്.

തീരക്കടലിലുണ്ടാകുന്ന ചാകര സമയത്ത് മീന്‍ പിടിക്കാന്‍ എളുപ്പമാകും. ഖനനം നടക്കുമ്പോള്‍ കൊല്ലം തീരത്ത് ഈ പ്രശ്‌നമുണ്ടായേക്കും. എന്നാല്‍ സംസ്ഥാനമാകെയുള്ള മത്സ്യബന്ധനത്തെ ഇതു ബാധിക്കില്ല. ദിവസങ്ങളോളം നടക്കുന്ന ട്രോളിംഗ് മത്സ്യബന്ധനത്തിന് വിപരീതമായി 15 കിലോമീറ്ററോളം മാത്രമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോവുക.

കടലിന്‍റെ മുകള്‍ത്തട്ടിലുള്ള മത്തി, അയല എന്നിങ്ങനെയുള്ള മീനുകളെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൂടുതലായും ആശ്രയിക്കുന്നത്. അതു കൊണ്ടു തന്നെ ഖനനം നടക്കുന്ന പ്രദേശത്ത് മത്സ്യബന്ധനത്തിന് എത്തുന്നവരുടെ ഉപജീവനം അവതാളത്തിലാകാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായമുണ്ട്. ട്രോളിംഗ് മത്സ്യബന്ധനത്തെ ഖനനം ബാധിക്കില്ല. എന്നാല്‍ ഖനനം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കും.

കടല്‍ കുഴിക്കാന്‍ കുത്തകകള്‍ എത്തും

വലിയ സാങ്കേതിക പിന്‍ബലവും സാമ്പത്തിക മുതല്‍മുടക്കുമുള്ള ആഴക്കടല്‍ ഖനനത്തിന് വന്‍കിട കുത്തകകള്‍ എത്തുമെന്ന് സംശയമില്ലെന്നാണ് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞത്. 48 മുതല്‍ 62 മീറ്റര്‍ വരെ ആഴമുള്ളിടത്താണ് ഖനനാനുമതി. 2002 ലെ ഓഫ് ഷോര്‍ ഏരിയാസ് മിനറല്‍ (ഡെവലപ്‌മെന്‍റ് ആന്‍ഡ് റെഗുലേഷന്‍) ആക്‌ടിനെ 2023 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്‌തത്.

ഇതില്‍ സെക്ഷന്‍ 16 പ്രകാരം ധാതുസമ്പത്തിന്‍റെ ഖനനത്തിലൂടെ ലഭിക്കുന്ന റോയല്‍റ്റി പൂര്‍ണമായും കേന്ദ്രസര്‍ക്കാരിനാണ്. സെക്ഷന്‍ 5 പ്രകാരം സ്വകാര്യ മേഖലയ്ക്ക് കൂടി ഖനനമേഖലയില്‍ പങ്കാളിത്തവും നൽകിയിട്ടുണ്ട്. 2023 ലെ ഭേദഗതി വരുന്നത് വരെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്, അറ്റോമിക് മിനറല്‍സ് ഡയറക്‌ടറേറ്റ് എന്നീ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലായിരുന്നു കടലിലെ പര്യവേക്ഷണങ്ങളും ഖനനവും നടന്നു വന്നിരുന്നതെന്നും മന്ത്രിയുടെ മറുപടിയില്‍ വിശദീകരിക്കുന്നു.

Related Articles

Back to top button
error: Content is protected !!