സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; സൽമാൻ ഖാനെതിരെ വധഭീഷണി: അറസ്റ്റിലായത് അടുത്ത സിനിമയിലെ ഗാനരചയിതാവ്
മുംബൈ: സൽമാൻ ഖാന് നേരെ ഉണ്ടായ വധഭീഷണി അന്വേഷിച്ചു പോയ മുംബൈ പോലീസിനെ കാത്തിരുന്നത് വൻ ട്വിസ്റ്റ്. സൽമാൻ ഖാന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമായ സിക്കന്ദറിലെ ‘മേൻ ഹൂൻ സിക്കന്ദർ…’ എന്ന ഗാനം രചിച്ച യുട്യൂബറാണ് സംഭവത്തിൽ അറസ്റ്റിലായത്. സൽമാനെ പ്രകീർത്തിച്ച് താൻ എഴുതിയ പാട്ട് ഹിറ്റാകാനും, പണം ലഭിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു അപരാധം ചെയ്തതെന്നാണ് ‘യൂട്യൂബർ കവി’ പൊലീസിന് നൽകിയ മൊഴി.
ഇക്കഴിഞ്ഞ, നവംബർ ഏഴിന് മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്ട്സ്ആപ്പിലേക്കാണ് സൽമാനെയും, അദ്ദേഹത്തെ പ്രകീർത്തിച്ച് പാട്ടെഴുതിയ ആളെയും കൊല്ലുമെന്ന് പറഞ്ഞുകൊണ്ടുള്ള ഭീഷണി സന്ദേശം എത്തിയത്. ബിഷ്‌ണോയി സംഘവും താരത്തിനെതിരെ ഭീഷണി ഉന്നയിച്ച സാഹചര്യം നിലനിക്കുന്നതിനാൽ ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണർ ലഖ്‍മി ഗൗതം, ഡെപ്യൂട്ടി കമ്മീഷണർ ദത്ത നാലാവാഡെ എന്നിവരുടെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ മിലിന്ദ് കാട്ടെയാണ് അന്വേഷണം നടത്തിയത്.
ഒടുവിൽ അന്വേഷണം എത്തിനിന്നത് കർണാടകയിലെ റായ്ചൂർ ജില്ലയിലെ മാൻവി ഗ്രാമത്തിലാണ്. സന്ദേശം അയക്കപ്പെട്ട വാട്ട്സ്ആപ്പ് നമ്പറിന്റെ ഉടമയായ വെങ്കടേഷ് നാരായണനെ അന്വേഷണ സംഘം അവിടെ നിന്നും കസ്റ്റഡിയിലെടുത്തു. കർഷകനായ വെങ്കടേഷിന്റെ കൈയിൽ കീപ്പാടുള്ള ഫോണാണ് ഉള്ളതെന്ന് കണ്ടെത്തിയതോടെ പോലീസ് വീണ്ടും കുഴപ്പത്തിലായി. നവംബർ മൂന്നാം തീയതി ഒരു ചെറുപ്പക്കാരൻ തന്റെ കൈയിൽ നിന്നും ഫോൺ ഉപയോഗിക്കാനായി വാങ്ങിയിരുന്നെന്നും അതല്ലാതെ തനിക്കൊന്നും അറിയില്ലെന്നും വെങ്കടേഷ് പോലീസിനെ അറിയിച്ചു.
അങ്ങനെ വിശദമായി നടത്തിയ പരിശോധനയിൽ വെങ്കടേഷിന്റെ ഫോണിൽ നിന്നും, വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യമായ ഒറ്റത്തവണ പാസ്സ്‌വേർഡുകൾ കണ്ടതോടെ പൊലീസിന് ഏകദേശം കാര്യം മനസിലായി. സംഭവത്തിലെ യഥാർത്ഥ പ്രതി വെങ്കടേഷിന്റെ ഫോൺ നമ്പർ ഉപയോഗിച്ചണ് പൊലീസിന് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. തുടർന്ന്, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് യഥാർത്ഥ പ്രതിയിലേക്ക് എത്തുന്നത്. സന്ദേശം അയച്ചത് മറ്റാരുമല്ല, ആ പാട്ടെഴുതിയ സൊഹൈൽ പാഷ തന്നെയെന്ന് കണ്ടെത്തി.
യുട്യൂബറും ഗാനരചയിതാവുമായ റസീൽ പാഷ എന്നറിയപ്പെടുന്ന 23-കാരനായ സൊഹൈൽ പാഷ, പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ഇത്തരമൊരു പ്രവർത്തിയിൽ ഏർപ്പെട്ടതെന്ന് പോലീസ് പറയുന്നു. അഞ്ചുലക്ഷം രൂപ നൽകിയാൽ, സൽമാൻ ഖാനെയും അദ്ദേഹത്തെ പ്രകീർത്തിച്ച് പാട്ടെഴുതിയ ഗാനരചയിതാവിനെയും വെറുതെ വിടാം, അല്ലെങ്കിൽ ഇരുവരെയും കൊലപ്പെടുത്തും എന്നായിരുന്നു സന്ദേശം. ഇതിനു പിന്നിൽ ബിഷ്‌ണോയി സംഘമാണെന്ന് എല്ലാവരും കരുത്തുമെന്നായിരുന്നു പാഷ വിശ്വസിച്ചത്. അതേസമയം, പോലീസ് അറസ്റ്റ് രേഖപ്പെടുത്തി സെവ്‌രി കോടതിയിൽ ഹാജരാക്കിയ പാഷയെ, മജിസ്‌ട്രേറ്റ് സുഹാസ് ഭോസ്ലെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിലേക്ക് വിട്ടു