ധ്രുവ നക്ഷത്രത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു; ചിത്രം ഉടൻ റിലീസിനൊരുങ്ങുമെന്ന് റിപ്പോർട്ട്

ഗൌതം മേനോൻ സംവിധാനം ചെയ്ത് വിക്രം നായകനായ ധ്രുവ നക്ഷത്രം എട്ട് വർഷമായി ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ടിരിക്കുകയാണ്. എട്ട് വർഷം മുൻപാണ് ചിത്രത്തിന്റെ ടീസർ 2015 ൽ പുറത്തിറങ്ങിയത്. അതിനുശേഷം ചിത്രം നിരവധി തവണ വാർത്തകളിൽ ഇടം പിടിച്ചെങ്കിലും റിലീസിനായി തയ്യാറായില്ല. ഒടുവിൽ ഇപ്പോൾ ധ്രുവ നക്ഷത്രം സ്‌ക്രീനുകളിൽ എത്താൻ തയ്യാറായതായി റിപ്പോർട്ടുകൾ പുറത്ത് വന്നു.
നേരത്തെ സാമ്പത്തിക കാരണങ്ങളാലാണ് ചിത്രം വൈകിയത്. പിന്നീട് ഷൂട്ടിംഗ് പൂർത്തിയായിട്ടും അത് മാറ്റിവച്ചുകൊണ്ടിരുന്നു. 2023 ൽ ട്രെയിലറും ഗാനങ്ങളും പുറത്തിറങ്ങി. ഒടുവിൽ വലിയ സ്‌ക്രീനിൽ ചിത്രം കാണാൻ സമയമായി എന്ന് ആരാധകർ കരുതി. പക്ഷേ റിലീസ് ദിവസം ചിത്രം വീണ്ടും മാറ്റിവച്ചു.
ഇപ്പോൾ 12 വർഷത്തിനൊടുവിൽ വെളിച്ചം കണ്ട മറ്റൊരു ചിത്രമായ വിശാലിൻ്റെ മധഗജരാജയുടെ റിലീസിൽ പങ്കാളിയായ ഒരു തമിഴ്‌നാട് വിതരണക്കാരൻ തിരുപ്പൂർ സുബ്രഹ്മണ്യനാണ് വിക്രത്തിൻ്റെ ഈ ചിത്രത്തിനും രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നത്. ധ്രുവ നക്ഷത്രം കണ്ടതായും ഗൗതം മേനോൻ്റെ ചിത്രത്തിനായി താൻ നിലകൊള്ളുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്.
ഈ വേനൽക്കാലത്ത് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്ഷൻ നിറഞ്ഞ ട്രെയിലറും വിക്രത്തിൻ്റെ കരിസ്മാറ്റിക് സാന്നിധ്യവും കൊണ്ട് ഈ ചിത്രം ഒരു ത്രില്ലിംഗ് റൈഡ് ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.