ഓട്ടോക്കാരനെതിരെ പരാതിയുമായാണ് ആ സ്ത്രീ വന്നത്; പീഡന ആരോപണത്തിൽ സിഐ വിനോദ്
പൊന്നാനിയിലെ വീട്ടമ്മയുടെ പീഡനാരോപണത്തിൽ വിശദീകരണവുമായി സിഐ വിനോദ് വലിയാട്ടൂർ. പരാതിക്കാരിയെ സ്റ്റേഷന് പുറത്ത് വെച്ച് കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് വിനോദ് പറഞ്ഞു. 2022ൽ സിഐ ആയിരിക്കുമ്പോൾ രാത്രി ഏഴരയാകുമ്പോൾ സ്‌റ്റേഷനിൽ പരാതി ലഭിച്ചു. 50 വയസ്സുള്ള മധ്യവയസ്‌കയായ സ്ത്രീ പൊന്നാനി ടൗണിൽ വെച്ച് ഒരു ഓട്ടോക്കാരൻ ദേഹത്ത് കയറി പിടിച്ചെന്നാണ് പരാതി നൽകിയത്
ഓട്ടോക്കാരനെ നോക്കാൻ പറഞ്ഞ് പോലീസുകാരെ വിട്ടു. അന്ന് രാത്രി ഓട്ടോ കണ്ടെത്താൻ സാധിച്ചില്ല. പ്രതിയെ കുറിച്ച് അന്വേഷിക്കാമെന്ന് പറഞ്ഞു. എന്നാൽ ശ്രദ്ധിച്ചിട്ട് കേസെടുത്താൽ മതിയെന്ന് ചില പോലീസുകാർ പറഞ്ഞു. കാരണം ഈ സ്ത്രീ പലർക്കുമെതിരെ വ്യാജപരാതി കൊടുത്തിട്ട് പിന്നീട് പുറത്ത് വെച്ച് ഒത്തുതീർപ്പാക്കി പണം തട്ടുന്ന സ്ത്രീയാണെന്ന രീതിയിൽ പറഞ്ഞു
എന്നാൽ രാവിലെ സ്റ്റേഷനിൽ ചെന്നയുടനെ പരാതിയെടുത്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. ഇതെല്ലാം രേഖകളിൽ ഉള്ളതാണ്. പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. ഓട്ടോ സീസ് ചെയ്ത് കോടതിക്ക് വിട്ടു. ഒരു പത്തരയായപ്പോൾ ഈ സ്ത്രീ ദേഷ്യം പിടിച്ചുവന്നു. നിങ്ങൾ കാരണം എനിക്ക് കിട്ടേണ്ട പണമൊക്കെ നഷ്ടപ്പെടുകയാണ്. എന്തിനാണ് കേസ്, ചർച്ച മതിയല്ലോ എന്ന് പറഞ്ഞു
പിന്നെയാണ് അറിയുന്നത് ഈ സ്ത്രീ താനൂർ കസ്റ്റഡി മരണക്കേസിൽ നടപടി നേരിട്ട എസ്‌ഐ കൃഷ്ണലാലിന്റെ വീട്ടിലെ ജോലിക്കാരിയാണെന്ന്. ഒരു ദിവസം ബെന്നി സാർ സ്റ്റേഷനിൽ വന്നു വിനോദിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. നിങ്ങൾ ഈ സ്ത്രീയുടെ വീട്ടിൽ പോയിരുന്നോ, നിങ്ങളുമായി ഈ സ്ത്രീക്ക് സമ്പർക്കമുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം എന്റെ കോൾ ഡീറ്റൈൽസ് എടുത്തു. ആ സ്ത്രീയെ സ്‌റ്റേഷന് പുറത്ത് വെച്ച് ഞാൻ കണ്ടിട്ടില്ലെന്നും ഒരു കോള് പോലും എന്റെ നമ്പറിൽ നിന്ന് അവർക്ക് പോയിട്ടില്ലെന്നും കണ്ടെത്തി. സാർ ആ പരാതി ക്ലോസ് ചെയ്ത് ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചെന്നും സിഐ വിനോദ് പറഞ്ഞു