വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട യുവതിയെ കൊലപ്പെടുത്തി അഴുക്കുചാലിൽ തള്ളി; പ്രതി പിടിയിൽ

യുപിയിൽ യുവതിയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് മാസത്തിന് ശേഷം വഴിത്തിരിവ്. പ്രിയ സിംഗ് എന്ന 25കാരിയെ കൊലപ്പെടുത്തിയ കേസിൽ അമിത് സുഗ്രീവ് സിംഗ്(28) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.
യുപി ഖോരഗ്പൂർ സ്വദേശിനിയാണ് പ്രിയ. 2024 ഡിസംബർ 27നാണ് പ്രിയയെ കാണാതായത്. മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടന്നെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെ പ്രിയയുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് ലഭിച്ചു. ഇതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി
അമിതുമായുള്ള പ്രിയയുടെ ബന്ധം മനസ്സിലാക്കിയ പോലീസ് ഇയാളെ ചോദ്യം ചെയ്തു. ആദ്യമൊക്കെ ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. നിരന്തരമായ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ തുറന്നുപറഞ്ഞു. വിവാഹം ചെയ്യണമെന്ന് പ്രിയ ഇയാളോട് ആവശ്യപ്പെടുമായിരുന്നു. എന്നാൽ പ്രിയയെ അംഗീകരിക്കാൻ അമിതിന്റെ വീട്ടുകാർ തയ്യാറായില്ല
ഡിസംബർ 27ന് രാത്രി ഇയാൾ പ്രിയയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. തുടർന്ന് ഒറ്റപ്പെട്ട വഴിയിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം അഴുക്കുചാലിൽ വലിച്ചെറിയുകയും ചെയ്തു. പോലീസിനെ വഴി തെറ്റിക്കാനായി പ്രിയയുടെ മൊബൈൽ ഫോൺ ട്രെയിനിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.