Gulf
ദോഹ ഫോറത്തിന് നാളെ തുടക്കമാവും; വിദേശകാര്യ മന്ത്രി ജയശങ്കര്‍ പങ്കെടുക്കും

ദോഹ: 150 രാജ്യങ്ങളില്‍നിന്നായി 4,500ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ദോഹ ഫോറത്തിന് നാളെ തുടക്കമാവുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ എത്തുമെന്നും സംഘാടകര്‍ അറിയിച്ചു. നവീകരണത്തിന്റെ അനിവാര്യത എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോക നേതാക്കളും നയതന്ത്ര രംഗത്തെ പ്രമുഖരും ഒരേ വേദിയില്‍ അണിനിരക്കുമെന്ന് ഫോറം ജനറല്‍ മാനേജര്‍ മഹാ അല്‍ കുവാരി വെളിപ്പെടുത്തി.
ശനി, ഞായര്‍ ദിവസങ്ങളിലായി ഷെറാട്ടണ്‍ ഗ്രാന്റ് ഹോട്ടലില്‍ നടക്കുന്ന ഫോറത്തില്‍ ഏഴ് രാഷ്ട്ര നേതാക്കളും 14 വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും. നൂതന സാങ്കേതികവിദ്യകള്‍, ജിയോ പൊളിറ്റിക്‌സ്, സാംസ്‌കാരിക നയതന്ത്രം, സാമ്പത്തികം, സുരക്ഷ എന്നീ അഞ്ചു വിഷയങ്ങളാണ് ഫോറം ചര്‍ച്ച ചെയ്യുക. എണ്‍പതില്‍ അധികം സെഷനുകളിലായി മുന്നൂറില്‍പ്പരം വിദഗ്ധര്‍ സംസാരിക്കുമെന്നും അല്‍ കുവാരി അറിയിച്ചു.