തേങ്കുറിശ്ശി ദുരഭിമാന കൊല: വിധിയിൽ തൃപ്തിയില്ലെന്ന് ഹരിത; അപ്പീൽ പോകും
തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിലെ വിധിയിൽ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. ജീവപര്യന്തം തടവുശിക്ഷയാണ് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രതികൾക്കെതിരെ വിധിച്ചത്. എന്നാൽ ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നും ഹരിത പറഞ്ഞു. പ്രോസിക്യൂഷൻ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
വിധിയിൽ തൃപ്തിയില്ലെന്ന് അനീഷിന്റെ പിതാവും സഹോദരനും പ്രതികരിച്ചു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് ജീവപര്യന്തത്തിൽ ഒതുങ്ങാൻ കാരണമെന്ന് സഹോദരൻ പ്രതികരിച്ചു. കേസ് നടക്കുന്നതിനിടെ തനിക്കും ഭീഷണിയുണ്ടായിരുന്നതായി ഹരിത പറഞ്ഞു. വീടുമായി ബന്ധപ്പെട്ടവരാണ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും ഹരിത പറഞ്ഞു. പ്രതികൾ പുറത്തിറങ്ങിയാൽ എന്നെയും കൊല്ലും. അവർക്ക് വധശിക്ഷ തന്നെ നൽകണമെന്നും ഹരിത പറഞ്ഞു. അതേസമയം വിധിക്ക് ശേഷവും യാതൊരു കൂസലും ഇല്ലാതെയാണ് പ്രതികൾ കോടതി വളപ്പിൽ നിന്നത്.
ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരാണ് പ്രതികൾ. ജാതിയമായും സാമ്പത്തികമായും താഴ്ന്ന അനീഷിനെ ഹരിത വിവാഹം ചെയ്തുവെന്ന ദുരഭിമാനത്തിന്റെ പേരിലാണ് പ്രതികൾ അതിക്രൂരമായി അനീഷിനെ കൊലപ്പെടുത്തിയത്. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു കൊലപാതകം. ഇവരുടെ വിവാഹം കഴിഞ്ഞ് 88ാം ദിവസമാണ് അനീഷിനെ ഇവർ കൊലപ്പെടുത്തിയത്.