ലോകത്ത് ആകെയുള്ളത് 5,574 കടുവകള്‍; ഏറ്റവും കൂടുതല്‍ കടുവകളുള്ളത് ഇന്ത്യയില്‍ ആകെ എണ്ണം 3,682
കോഴിക്കോട്: ലോകത്ത് ആകെയുള്ള 5,574 കടുവകളില്‍ 75 ശതമാനവും ജീവിക്കുന്നത് ഇന്ത്യയില്‍. കടുവകളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള നമ്മുടെ നാട്ടില്‍ 18 സംസ്ഥാനങ്ങളിലായി 3,682 കടുവകളുണ്ടെന്നാണ് കണക്ക്. 2023 ജൂലൈ 29ലെ നാഷ്ണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 3,167നും 3,925നും ഇടയില്‍ കടുവകള്‍ നമ്മുടെ കാടുകളില്‍ ജീവിക്കുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാര്‍ജ്ജാര(പുച്ച ഉള്‍പ്പെടുന്ന) കുടുംബത്തിലെ ഏറ്റവും വലിയ ജീവിയും വംശനാശ ഭീഷണി നേരിടുന്നതുമായ കടുവയുടെ ശാസ്ത്രീയ നാമം പാന്തേര ടൈഗ്രിസ് എന്നാണ്. ഇന്ത്യയുടെ ദേശീയമൃഗം കടുവയുടെ ഉപവംശത്തില്‍പ്പെടുന്ന ബംഗാള്‍ കടുവയാണ്. ഏഷ്യന്‍ വന്‍കരയില്‍ മാത്രം കണ്ടുവരുന്ന ഒരു വന്യമൃഗമാണ് കടുവകള്‍. കാട്ടിലെ ഏറ്റവും ശക്തനായ ജീവിയായ കടുവ കഴുത്തിനു പിറകില്‍ തന്റെ ദംഷ്ട്രകളിറക്കിയാണ് ഇരകളെ കീഴ്‌പ്പെടുത്തുന്നത്. ഇതിലൂടെ സുഷുമ്‌നാ നാഡി തകര്‍ത്ത് ഇരകളെ അതിവേഗം കൈപ്പിടിയിലാക്കാന്‍ ഇവയ്ക്ക് കഴിയുന്നു.
ജല സാന്നിധ്യമുള്ള ഇടങ്ങളില്‍ കഴിയാനാണ് ഈ ജീവികള്‍ ആഗ്രഹിക്കാറ്. പശ്ചിമഘട്ട മലനിരകള്‍, വടക്കു കിഴക്കന്‍ കണ്ടല്‍ കാടുകള്‍, ചതുപ്പു പ്രദേശങ്ങള്‍, ഹിമാലയന്‍ വനമേഖല, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മലനിരകളോടു ചേര്‍ന്നുള്ള വനങ്ങള്‍ എന്നിവിടങ്ങളിലാണ് കടുവകളുടെ വാസം. മാംസഭുക്കുകളായ കടുവകളുടെ ഇഷ്ടപ്പെട്ട ഇരകള്‍ കാട്ടുപോത്ത്, കാട്ടുപന്നി, കേഴമാന്‍ തുടങ്ങിയാണെങ്കിലും അപൂര്‍വമായി കാണ്ടാമൃഗം, ആന തുടങ്ങിയ ശക്തന്മാരെയും കടുവ ആക്രമിച്ച് കീഴ്‌പ്പെടുത്താറുണ്ട്.
ഏകാന്ത സഞ്ചാരികളായ കടുവകള്‍ ഇണചേരല്‍ കാലത്താണ് സംഘമായി സഞ്ചരിക്കാറ്. ജീവിവര്‍ഗങ്ങളുടെ ആഹാരശൃംഖലയിലെ ഏറ്റവും വലിയജീവിയായ കടുവകള്‍ക്കും സിംഹവും പുലിയും ഉള്‍പ്പെടെയുള്ളവയുടെ അധികാര പരിധി നിശ്ചയിച്ച് ജീവിക്കുന്ന ശീലമുണ്ട്. തന്റെ അധീശത്വം ജീവിക്കുന്ന പ്രദേശത്ത് നിലനിര്‍ത്തി റോന്തു ചുറ്റുന്നതാണ് ഇവയുടെ രീതി.
ഒരു ആണ്‍കടുവയുടെ അധികാര പരിധി ശരാശരി 70 മുതല്‍ 100 ചതുരശ്ര കിലോമീറ്റര്‍ വരെ വിശാലമായിരിക്കും. ഒരു കടുവയ്ക്കു തന്നെ ഇത്ര വലിയ ഒരു പ്രദേശം ആവശ്യമായി വരുന്നതിനാല്‍ കാടിന്റെ വ്യാപ്തി കുറയുന്നത് ഇവയുടെ അതിജീവനത്തെ ഗുരുതരമായി ബാധിക്കാറുണ്ട്. പെണ്‍കടുവകള്‍ 25 ചതുരശ്രകിലോമീറ്റര്‍ പ്രദേശംകൊണ്ടുതന്നെ തൃപ്തിപ്പെട്ട് ജീവിക്കുന്നവരാണ്.
ഒരു ആണ്‍കടുവയുടെ സംഘത്തില്‍ ഒന്നില്‍ അധികം പെണ്ണുങ്ങള്‍ കാണുമെങ്കിലും വരത്തനായ ഒരു ആണ്‍കടുവ സാന്നിധ്യം അറിയിച്ചാല്‍ പിന്നെ യുദ്ധമാണ് സാക്ഷാല്‍ യുദ്ധം. ഈ യുദ്ധത്തില്‍ വിജയിക്കുന്ന കടുവയാവും പിന്നെ ആ സാമ്രാജ്യം ഭരിക്കുക. തോല്‍ക്കുന്നയാള്‍ ജീവന്‍ വെടിയുകയോ, പരുക്കേറ്റോ മറ്റോ ശിഷ്ഠജീവിതം നരകമായി മാറുകയോ ചെയ്യാറാണ് പതിവ്. ചിലത് തോറ്റാലും മറ്റൊരു പ്രദേശത്ത് പോയി പുതിയ ഒരു രാജ്യം പൊരുതിനേടി പ്രതാപം തിരിച്ചുപിടിക്കാറുമുണ്ട്.
പ്രായപൂര്‍ത്തിയ ആണ്‍കടുവക്ക് 3 മീറ്റര്‍ നീളവും ശരാശരി 200 മുതല്‍ 300 കിലോഗ്രാം വരെ തൂക്കവുമുണ്ടാവും. അത്യപൂര്‍വമായി നാനൂറു കിലോയോളം ഭാരമുള്ള കടുവകളെയും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കടുവകള്‍ സാധാരണ 180 കിലോഗ്രാമിലധികം ഭാരം വയ്ക്കാറില്ല. പെണ്‍കടുവകള്‍ രണ്ടര മീറ്ററോളമേ നീളം വെക്കൂ. 105 മുതല്‍ 110 ദിവസംവരെയുള്ളതാണ് കടുവകളുടെ ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ സാധാരണ മൂന്നുമുതല്‍ നാലു കുഞ്ഞുങ്ങളാണ് ഉണ്ടാവുക. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ശരാശരി 12 വര്‍ഷമാണ് ഇവരുടെ ജീവിതദൈര്‍ഘ്യം.
കടുംതവിട്ടു നിറത്തിലുള്ള ശരീരത്തില്‍ കുറുകെ കാണുന്ന കട്ടിയുള്ള കറുത്ത വരകളാണ് കടുവകളെ തിരിച്ചറിയുന്നതിനൊപ്പം അതിന്റെ സൗന്ദര്യവും വര്‍ധിപ്പിക്കുന്നത്. ബംഗാള്‍ വെള്ളക്കടുവ, ദക്ഷിണ ചൈന കടുവ, പേര്‍ഷ്യന്‍ കടുവ, സൈബീരിയന്‍ കടുവ, ബാലി കടുവ, ഇന്‍ഡോചൈനീസ് കടുവ, മലയന്‍ കടുവ, സുമാത്രന്‍ കടുവ തുടങ്ങിയവയെല്ലാം കടുവകളിലെ ഉപ വംശങ്ങളായാണ് പരിഗണിക്കാറ്.