പി ബി അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാകില്ല; പിണറായിയെ പ്രത്യേക ക്ഷണിതാവാക്കും

സിപിഎം പോളിറ്റ് ബ്യൂറോയിലെ അംഗങ്ങൾക്കും പ്രായപരിധി ഇളവ് ലഭിക്കില്ല. ഇതേ തുടർന്ന് 75 വയസ്സ് പിന്നിട്ട പിണറായി വിജയന് പിബിയിൽ നിന്ന് പുറത്തു പോകേണ്ടി വരും. അതേസമയം പിണറായിയെ പിബിയിലെ സ്ഥിരം ക്ഷണിതാവായി നിലനിർത്തുമെന്നും വാർത്തകളുണ്ട്.
പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മാണിക് സർക്കാർ തുടങ്ങിയവർ പിബിയിൽ നിന്ന് ഒഴിവാകും. ഇവർ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാകും. പിബി അംഗങ്ങൾക്കും പ്രായപരിധിയിൽ ഇളവ് അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് വ്യക്തമാക്കിയത്
പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടിന് അന്തിമ രൂപം നൽകാനായി ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു എംവി ഗോവിന്ദൻ. രാജ്യത്ത് സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിയാണ് പിണറായി. ഇത് കണക്കിലെടുത്താണ് സ്ഥിരാംഗത്തിൽ നിന്ന് ഒഴിവായാലും പിണറായിയെ പ്രത്യേക ക്ഷണിതാവായി പിബിയിൽ നിലനിർത്താൻ ആലോചിക്കുന്നത്.