Kerala

മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള മൂന്നാം ദൗത്യം: മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഗംഗാവലി പുഴയിലിറങ്ങി

മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു. ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ലോറിയില്‍ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. നേരത്തെ നദിക്കരയില്‍ നിന്നും തടിക്കഷണങ്ങള്‍ ലഭിച്ചിരുന്നു. അര്‍ജുന്‍ ലോറിയില്‍ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.

ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെക്ക് ആദ്യം കര്‍ണാടക അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ ജില്ല ഭരണകൂടവുമായി നിരന്തരം ചര്‍ച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവില്‍ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയില്‍ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിര്‍ദേശിച്ച മൂന്ന് പ്രധാന പോയന്റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചില്‍ നടക്കുന്നത്.

മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്നുപേര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍ നടത്തുന്നത്. കാര്‍വാറില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് മൂന്നാം ഘട്ടത്തിലെ തെരച്ചില്‍. അര്‍ജുന്റെ ലോറിയുടെ ക്യാബിന്‍ കണ്ടെത്തുകയെന്നതാണ് ആദ്യ ലക്ഷ്യം.
ദൗത്യ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയുമെത്തിയിട്ടുണ്ട്. മൂന്നാം ദൗത്യത്തില്‍ ലോറിയുടെ ക്യാബിന്‍ കിട്ടുമെന്നും അര്‍ജുനെ കുറിച്ചുളള വിവരം ലഭിക്കുമെന്നുമുളള പ്രതീക്ഷയിലാണ് കുടുംബം.

Related Articles

Back to top button