കാന്തപുരത്തെ തള്ളാതെ തോമസ് ഐസക്; അത് അദ്ദേഹത്തിന്റെ വിശ്വാസം
പാര്‍ട്ടിയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നും ഐസക്
സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമം അംഗീകരിക്കാനാകില്ലെന്ന മെക് 7 കൂട്ടായ്മയെ ഉദ്ധരിച്ചുകൊണ്ടുള്ള കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയെ രൂക്ഷമായ ഭാഷയില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വിമര്‍ശിച്ചതിന് പിന്നാലെ തോമസ് ഐസകിന്റെ പ്രസ്താവന. കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസമാണെന്നും പാര്‍ട്ടിയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും ഐസ്ക വ്യക്തമാക്കി.
സി പി എം വിശ്വസിക്കുന്നത് സ്ത്രീ- പുരുഷ സമത്വത്തിലാണെന്നും ജമാഅത്തെ ഇസ്ലാമിയെപ്പോലെ മുസ്ലിം മതരാഷ്ട്രത്തിനു വേണ്ടി കാന്തപുരം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീക്ക് രണ്ടാം സ്ഥാനം കല്‍പ്പിക്കുന്നത് മതത്തില്‍ മാത്രമല്ല, സര്‍വ തലത്തിലുമുണ്ട്. പാര്‍ട്ടി സ്ഥാനങ്ങളില്‍ വനിതകള്‍ വരും. നേതൃത്വത്തില്‍ വനിതാ പ്രതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങള്‍. ബോധ പൂര്‍വ്വം തിരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. കണ്ണൂരില്‍ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതില്‍ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷന്മാരാണെന്നും കാന്തപുരം വിമര്‍ശിച്ചിരുന്നു. ഇതിനോടാണ് ഐസകിന്റെ പ്രതികരണമുണ്ടായത്.