മൊബൈൽ പിടിച്ചുവെച്ചതിന് അധ്യാപകർക്ക് നേരെ ഭീഷണി; വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു
അധ്യാപകർക്ക് നേരെ ഭീഷണി മുഴക്കിയ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനാണ് വിദ്യാർഥി അധ്യാപകർക്ക് നേരെ ഭീഷണി മുഴക്കിയത്. പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. തുടർ നടപടികൾ അടുത്ത ദിവസം ചേരുന്ന പിടിഎ യോഗത്തിൽ തീരുമാനിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളിൽ മൊബൈൽ കൊണ്ടുവരരുതെന്ന നിർദേശം ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാർഥിയെ അധ്യാപകൻ പിടിച്ചു. അധ്യാപകൻ ഈ ഫോൺ പ്രധാനാധ്യാപകനെ ഏൽപ്പിച്ചു. ഇത് ചോദിക്കാനാണ് വിദ്യാർഥി പ്രധാനാധ്യാപകന്റെ മുറിയിലെത്തിയത്
ഈ മുറിക്കുള്ളിൽ തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാരോട് പറയുമെന്നും പുറത്തിറങ്ങിയാൽ കാണിച്ച് തരാമെന്നും വിദ്യാർഥി ഭീഷണി മുഴക്കി. പുറത്തിറങ്ങിയാൽ എന്താണ് ചെയ്യുകയെന്ന ചോദ്യത്തിന് കൊന്നുകളയുമെന്നായിരുന്നു വിദ്യാർഥിയുടെ ഭീഷണി