Kerala
ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെയും തമ്പാനൂരിൽ കണ്ടെത്തി

ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെയും തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. കുട്ടികൾ ഇപ്പോൾ തമ്പാനൂർ പോലീസ് സ്റ്റേഷനിലാണുള്ളത്. ഇന്നലെ രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുട്ടികൾ കറങ്ങി നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ചോദിച്ചപ്പോൾ സ്ഥലം കാണാനിറങ്ങിയതെന്നാണ് ഇവർ പറഞ്ഞത്. ഇവരുടെ പക്കൽ വസ്ത്രങ്ങൾ നിറച്ച ബാഗുമുണ്ടായിരുന്നു. ലാസർ മാർക്കറ്റിന് സമീപം താമസിക്കുന്ന ഷമീറിന്റെ മക്കളായ മുഹമ്മദ് അഫ്രീദ്(15), മുഹമ്മദ് ഹഫീസ്(13), അയൽവാസിയായ ഫറാദിന്റെ മകൻ അദീൻ മുഹമ്മദ്(15) എന്നിവരെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.
വിദ്യാർഥികൾ ട്രെയിനിൽ കയറി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വീട്ടിൽ നിന്ന് 3000 രൂപയും കുട്ടികൾ എടുത്തിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.