കാസര്‍കോട് പയസ്വിനിപുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് കുട്ടികളുടെയും മൃതദേഹം ലഭിച്ചു. ക്രിസ്മസ് വെക്കേഷനില്‍ ബന്ധുവീട്ടില്‍ അവധി ആഘോഷിക്കാനെത്തിയ കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളായ മൂന്ന് കുട്ടികളുടെയും മൃതദേഹം ലഭിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്‌റഫ്ശബാന ദമ്പതികളുടെ മകന്‍ യാസിന്‍ (13), അഷ്‌റഫിന്റെ സഹോദരന്‍ മജീദന്റെ മകന്‍ സമദ് (13) ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റെയും മകന്‍ റിയാസ്(17) എന്നിവരാണ് മരിച്ചത്.
ആദ്യം റിയാസിന്റെ മൃതദേഹമായിരുന്നു ലഭിച്ചിരുന്നത്. പിന്നീട് മറ്റ് രണ്ട് കുട്ടികളെയും കണ്ടെത്തുകയായിരുന്നു. എരിഞ്ഞിപ്പുഴയിലെ കുടുംബ വീട്ടിലെത്തിയ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഫയര്‍ഫോഴ്‌സും പ്രദേശവാസികളും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. റിയാസിനെ പുറത്തെടുക്കുന്ന സമയത്ത് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല. മറ്റ് രണ്ട് പേരെയും ജീവനറ്റ നിലയിലായിരുന്നു കണ്ടെത്തിയത്.
നീന്തല്‍ അറിയാത്ത റിയാസ് പുഴയില്‍ മുങ്ങിയതോടെ രക്ഷിക്കാനെത്തിയ കുട്ടികളും കയത്തില്‍പ്പെടുകയായിരുന്നു. ഇവര്‍ക്കൊപ്പം എത്തിയ സ്ത്രീ നിലവിളിച്ചതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.