തൃശ്ശൂർ പൂരം കലക്കൽ: എഡിജിപി അജിത് കുമാറിന് ഹിഡൻ അജണ്ടയുണ്ടായിരുന്നുവെന്ന് പ്രതിപക്ഷം
തൃശൂർ പൂരം കലക്കലിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചക്ക് നോട്ടീസ് നൽകിയത്. പൂരം നടത്തിപ്പിലെ എട്ട് വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ പ്രമേയമവതരിപ്പിച്ചത്. പൂര ദിവസം ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടന്നപ്പോൾ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ കുത്തിനിറച്ചിരുന്നു എന്നും ചൂണ്ടിക്കാട്ടി.
ആൾക്കൂട്ടത്തെ നിയന്ത്രിച്ചില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണ ജനത്തെ ശത്രുവിനെ പോലെ കാണുകയും അവരെ കൈകാര്യം ചെയ്യുകയും ചെയ്തു. ഒരു അനുഭവ പരിചയവുമില്ലാത്ത ആളെ കമ്മീഷണർ ആയി വച്ചതിനെയും പ്രതിപക്ഷം വിമർശിച്ചു. അങ്കിത് അശോകൻ ജൂനിയർ ഓഫീസറെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം സ്വന്തം താല്പര്യ പ്രകാരം അങ്കിത് അശോകൻ ഇത് ചെയ്തു എന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢികളാണോ കേരളത്തിലുള്ളവർ എന്നും ചോദിച്ചു. സീനിയർ ഉദ്യോഗസ്ഥൻ സ്ഥലത്തു ഉണ്ടായിരുന്നു . എന്നിട്ടും എല്ലാം അങ്കിത് അശോകന്റെ തലയിൽ വെച്ചു. തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
അജിത്കുമാറിന് ഹിഡൻ അജണ്ട ഉണ്ടായിരുന്നുവെന്ന ആരോപണവും ഉന്നയിച്ചു. രണ്ടു മന്ത്രിമാർ പൂരം നടത്തിപ്പിനുണ്ടായിരുന്നു.അവർക്ക് പൂരം കലക്കിയപ്പോൾ സംഭവ സ്ഥലത്തു എത്താൻ കഴിഞ്ഞില്ല. മന്ത്രി കെ. രാജൻ, മന്ത്രി ബിന്ദു എന്നിവർക്ക് പൂരം കലങ്ങിയപ്പോൾ സ്ഥലത്തേക്ക് എത്താൻ പോലും കഴിഞ്ഞില്ല. പക്ഷേ സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചു. സുരേഷ് ഗോപിയെ രക്ഷകൻ എന്നു വരുത്തി തീർത്തു തിരുവഞ്ചൂർ വിമർശിച്ചു. പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.