
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രത്യാശയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്‌വര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കും. യേശുക്രിസ്തു കുരിശിലേറിയതിന് ശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഓരോ ഈസ്റ്ററും. യേശുവിന്റെ കുരിശുമരണ സ്മരണയില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.
പള്ളികളില്‍ നടത്തിയ ശുശ്രൂഷകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം (ഏപ്രില്‍ 19) വൈകീട്ട് ആരംഭിച്ച പ്രാര്‍ത്ഥനകള്‍ ഇന്ന് പുലരുവോളം നടന്നു. 50 ദിവസത്തെ നോമ്പിന് ശേഷമാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
യേശുവിന്റെ തിരുപ്പിറവി ദിനമായ ക്രിസ്തുമസ് പോലെ തന്നെ വിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഈസ്റ്ററും. ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലാണ് ആചാരങ്ങള്‍ നടക്കുന്നതെങ്കിലും കുരിശിലേറ്റപ്പെട്ട ക്രിസ്തു ലോകത്തിന്റെ രക്ഷകനായി ഉയിര്‍ത്തെഴുന്നേറ്റ ദിനമാണിന്ന്.
പ്രത്യാശയുടെ സന്ദേശമാണ് ഓരോ ഈസ്റ്ററും സമ്മാനിക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും ജയം താത്കാലികമാണെന്നും സത്യം മാത്രമാണ് എല്ലാ കാലത്തും ജയിക്കുന്നതെന്നുമുള്ള പാഠം ഈസ്റ്റര്‍ നമുക്ക് നല്‍കുന്നു.
ഏഷ്യാമൈനറിലാണ് എഡി നൂറ്റാണ്ടില്‍ ആദ്യമായി ഈസ്റ്റര്‍ ആഘോഷിച്ചതെന്നാണ് വിശ്വാസം. എല്ലാ സഭകളും നീസാന്‍ മാസം 14ന് ശേഷം വരുന്ന ഞായറാഴ്ചകളില്‍ ഉയിര്‍പ്പ് പെരുന്നാളായി ആചരിക്കണമെന്ന് എഡി 325ല്‍ ചേര്‍ന്ന നിഖ്യാ സുന്നഹദോസില്‍ തീരുമാനമെടുക്കുകയായിരുന്നു.