കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും ടോള്‍ കൊള്ള; ചോദ്യം ചെയ്ത ഉംറ തീര്‍ഥാടകനെ മര്‍ദിച്ചു
പോലീസില്‍ പരാതി നല്‍കി
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരോട് മോശം സമീപനം സ്വീകരിക്കുന്നതും അവരില്‍ നിന്ന് അന്യായമായ ടോള്‍ ഇനത്തില്‍ പണം തട്ടുകയും ചെയ്യുന്ന അധികൃതരുടെ ക്രൂര നടപടി തുടരുന്നു. ഉംറ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവരുന്ന യുവാവിനെ ടോള്‍ കൊള്ളയുടെ പേരില്‍ ക്രൂരമായി മര്‍ദിച്ചിരിക്കുകയാണ് ടോള്‍ ബൂത്ത് അധികൃതര്‍.
മലപ്പുറം വള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മര്‍ദ്ദനമേറ്റത്. ടോള്‍ ബൂത്തില്‍ ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നത് ചോദ്യം ചെയ്തതിന് ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു.
ഉമ്മയോടൊപ്പം ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു റാഫിദ് . വീട്ടിലേക്ക് കൊണ്ടുപോകാന്‍ സഹോദരന്‍ കാറുമായി വിമാനത്താവളത്തില്‍ എത്തി. തിരിച്ചിറങ്ങുമ്പോള്‍ ടോള്‍ ബൂത്തില്‍ 40 രൂപയ്ക്ക് പകരം 65 രൂപ ചോദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ടോള്‍ ബൂത്തില്‍ ഉണ്ടായിരുന്നവര്‍ രോക്ഷാകുലരായി.റാഫിദിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റത്തിന്റെ മുറിവുകളും പാടുകളും ഉണ്ട്. കൊണ്ടോട്ടി കുന്നുമ്മല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി . കരിപ്പൂര്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
മുമ്പും സമാനമായ നിരവധി സംഭവങ്ങള്‍ ഇവിടെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എവിടെയും ഇല്ലാത്ത രീതിയിലുള്ള ടോള്‍ സംവിധാനമാണ് ഇവിടെയുള്ളത്. ടോള്‍ പിരിക്കാനായി മലയാളം അറിയാത്തവരെയാണ് നിയമിക്കുകയെന്നും നാട്ടുകാര്‍ പറയുന്നു