മുക്കം ലോഡ്ജിലെ പീഡന ശ്രമം; ദേവദാസ് പിടിയിലായത് ഹൈക്കോടതിയെ സമീപിക്കാൻ ശ്രമിക്കുന്നതിനിടെ
കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ താഴേക്ക് ചാടിയ യുവതിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. ലോഡ്ജ് ഉടമ ദേവദാസനെയാണഅ മുക്കം പോലീസ് കുന്നംകുളത്ത് വെച്ച് പിടികൂടിയത്. ഹൈക്കോടതിയെ സമീപിക്കാൻ പോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കോഴിക്കോട് സ്വന്തം വാഹനം ഉപേക്ഷിച്ച ശേഷമാണ് ദേവദാസ് കൊച്ചിയിലേക്ക് യാത്ര ചെയ്തത്. പ്രതിയെ മുക്കത്ത് എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കൊപ്പമുള്ള രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കേസിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു
ലോഡ്ജ് ഉടമയായ ദേവദാസും മറ്റ് രണ്ട് പേരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇതിൽ നിന്ന് രക്ഷപ്പെടാനായി താഴേക്ക് ചാടിയെന്നുമാണ് പെൺകുട്ടിയുടെ മൊഴി. ഇത് സാധൂകരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പീഡനശ്രമം ചെറുക്കുന്ന പെൺകുട്ടി അലറിക്കരയുന്നതടക്കം വീഡീയോ ദൃശ്യങ്ങളിലുണ്ട്.
ലോഡ്ജ് ഉടമ ദേവദാസ്, ജീവനക്കാരായ മുനീർ, സുരേഷ് എന്നിവർ മുറിയിലേക്ക് അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്