ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
ബസിന്റെ ഫിറ്റ്‌നസും റദ്ദാക്കിയെന്ന് മോട്ടോര്‍ വകുപ്പ്
തിരുവനന്തപുരം നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവര്‍ അരുണ്‍ രാജിന്റെ ലൈസന്‍സും ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി. ബസിന്റെ പെര്‍മിറ്റും രജിസ്‌ട്രേഷനും റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഗതാഗത വകുപ്പ് അറിയിച്ചു. അപകടത്തില്‍ കാവല്ലൂര്‍ സ്വദേശിനി ദാസിനി മരണപ്പെട്ടിരുന്നു. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ഒറ്റശ്ശേരിമംഗലം സ്വദേശി അരണ്‍ ദാസിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നെടുമങ്ങാട് സ്റ്റേഷനില്‍ എത്തിച്ച അരുളിനെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. അലക്ഷ്യമായി വാഹനമോടിച്ച് ജീവന്‍ നഷ്ടപ്പെടുത്തിയതിനെതിരെയുള്ള വകുപ്പുകള്‍ ആണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയ സംഘം സഞ്ചരിച്ച ബസ് രാത്രി 10:15 ഓടെ അപകടത്തില്‍പ്പെടുന്നത്.