ഗാതഗതക്കുരുക്ക്; സര്‍ക്കാര്‍/സ്വകാര്യ മേഖലകളില്‍ ഓഫീസ് സമയം മാറിയേക്കും: വര്‍ക്ക് ഫ്രം ഹോം രീതിയും നടപ്പാക്കിയേക്കും
ദുബൈ: എമിറേറ്റ് അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള ശ്രമങ്ങളുമായി ദുബൈ അധികൃതര്‍. രാവിലെയും വൈകീട്ടും ഓഫീസ് സമയത്തിനു മുമ്പും ശേഷവുമുണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ എമിറേറ്റിലെ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി സമയത്തില്‍ മാറ്റങ്ങള്‍ വരുത്താനും വര്‍ക്ക് ഫ്രം ഹോം രീതി വ്യാപിപ്പിക്കാനും പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്.
ജീവനക്കാരില്‍ ശരാശരി 20 ശതമാനം പേരെങ്കിലും വര്‍ക്ക് ഫ്രം ഹോംപോലുള്ള വിദൂരമായി ജോലി ചെയ്യുന്ന രീതി അവലംബിക്കുകയാണെങ്കില്‍, ശൈഖ് സായിദ് റോഡിലെ ഗതാഗതം 9.8 ശതമാനവും അല്‍ ഖൈല്‍ റോഡില്‍ 8.4 ശതമാനവും കുറയും. ഫ്ളെക്സിബിള്‍ ജോലി സമയംകൊണ്ട് മാത്രം ശൈഖ് സായിദ് റോഡില്‍ 5.7 ശതമാനവും അല്‍ ഖൈല്‍ റോഡില്‍ 5 ശതമാനവും ട്രാഫിക് കുറയ്ക്കാനാകുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ദുബൈ അധികൃതര്‍ നടത്തിയ പഠനങ്ങളില്‍നിന്നും വ്യക്തമായിരിക്കുന്നത്.
എമിറേറ്റിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് പൊതുമേഖലാ- സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ ഈ രീതികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. രണ്ടു മണിക്കൂര്‍ ഇടവേളയില്‍ സമയം തുടങ്ങുന്നത് ക്രമീകരിക്കുകയും റിമോട്ട് വര്‍ക്ക് രീതിയിലേക്ക് ഭാഗികമായി ഓഫീസ് സമയം മാറ്റുകയും ചെയ്യുന്നതിലൂടെ ദുബൈയിലുടനീളമുള്ള പ്രഭാത യാത്രാസമയം 30 ശതമാനം കുറയ്ക്കുമെന്നാണ് സര്‍വേയില്‍നിന്നും വ്യക്തമായിരിക്കുന്നത്. അധികൃതര്‍ ഇക്കാര്യത്തില്‍ സ്ഥാപനങ്ങളോട് അഭ്യര്‍ഥന നടത്തിയ സ്ഥിതിക്ക് അധികം വൈകാതെ തന്നെ സമയമാറ്റം നടപ്പാവുമെന്നാണ് കരുതുന്നത്.