ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേത് ദാരുണ ദുരന്തം; പ്രയാഗ്രാജിലേക്കുള്ള 2 ട്രെയിനുകള്‍ വൈകി: സ്റ്റെയര്‍കേസ് ബ്ലോക്ക് ചെയ്തത് തിരക്ക് കൂട്ടി

പ്രയാഗ്രാജിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വൈകിയതാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര് മരിക്കാനിടയാക്കിയതെന്ന് റെയില്‍വെ ഡിസിപി കെപിഎസ് മല്‍ഹോത്ര. പ്ലാറ്റ്ഫോം നമ്പര്‍ 14ല്‍ നിര്‍ത്തിയിട്ട പ്രയാഗ്രാജ് എക്സ്പ്രസില്‍ കയറാന്‍ തിരക്ക് ഉണ്ടായിരുന്നു. കൂടാതെ സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകുകയും ചെയ്തു. ഇതോടെ തിരക്ക് അധികരിച്ചു. മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോകാനാണ് ആളുകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
പ്ലാറ്റ്ഫോം നമ്പര്‍ 14ല്‍ പ്രയാഗ്രാജ് എക്സ്പ്രസ് നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. നിരവധി ആളുകള്‍ പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്നു. സ്വതന്ത്ര സേനാനി എക്സ്പ്രസും ഭുവനേശ്വര്‍ രാജധാനിയും വൈകുകയും ചെയ്തു. ഈ ട്രെയിനില്‍ പോകാനുള്ള ആളുകളും 12,13,14 പ്ലാറ്റ്ഫോമുകളില്‍ ഉണ്ടായിരുന്നു. 1500ത്തോളം ജനറല്‍ ടിക്കറ്റുകളാണ് വിറ്റത്. ഇതാണ് തിരക്ക് നിയന്ത്രണാതീതമാക്കിയത് – റെയില്‍വേ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് – കെപിഎസ് മല്‍ഹോത്ര വ്യക്തമാക്കി.
തിരക്ക് നിയന്ത്രിക്കാന്‍ പ്ലാറ്റ്ഫോം നമ്പര്‍ 14ന്റെയും 15ലെയും സ്റ്റെയര്‍കേസ് അധികൃതര്‍ ബ്ലോക്ക് ചെയ്തതതും അപകടകാരണമായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്റ്റെയര്‍കേസില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. ട്രെയിനുകള്‍ വൈകുമെന്നറിഞ്ഞതോടെ തിരക്ക് അധികരിച്ചു. ട്രെയിനില്‍ കയറിപ്പറ്റാന്‍ ആളുകള്‍ തിരക്ക് കൂട്ടി. ഇത് അപകടത്തിലേക്ക് നയിച്ചു – ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉന്തും തള്ളും ഉണ്ടായതോടെ ആളുകള്‍ നിലത്തേക്ക് വീണു. ചിലര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയും ചെയ്തു.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരില്‍ 11 സ്ത്രീകളും നാല് കുട്ടികളും. ഇന്നലെ രാത്രി 10 മണിയോടെ പ്ലാറ്റ്ഫോം നമ്പര്‍ 13, 14, 15ലാണ് വന്‍തിരക്ക് അനുഭവപ്പെട്ടത്. അപകടത്തില്‍ റെയില്‍വേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി ലെഫ്റ്റനന്റ് ഗവര്‍ണര്‍. മരിച്ചവരില്‍ ഒന്‍പത് സ്ത്രീകളും അഞ്ച് കുട്ടികളും നാല് പുരുഷന്മാരും ഉള്‍പ്പെടുന്നു. 15 മൃതദേഹങ്ങള്‍ എല്‍എന്‍ജെപി ആശുപത്രിയിലും മൂന്ന് മൃതദേഹങ്ങള്‍ ലേഡി ഹാര്‍ഡിങ് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് റെയില്‍വേ. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നല്‍കും. അനുശോചിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും. രാഷ്ട്രപതിയും അനുശോചിച്ചിട്ടുണ്ട്. അപകടം അതീവ ദുഃഖകരം എന്ന പ്രിയങ്ക ഗാന്ധി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രിയഗാന്ധി അനുശോചനം രേഖപ്പെടുത്തി. റെയില്‍വേയുടെയു സര്‍ക്കാറിന്റെയും അനാസ്ഥയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സ്റ്റേഷനില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമായിരുന്നുവെന്നും കെകാര്യസ്ഥതയും അനാസ്ഥയും കാരണം ജീവന് നഷ്ടമാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും രാഹുല്‍ പറഞ്ഞു.