യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ഏകാധിപതിയെന്ന് ട്രംപ്; മാറിയില്ലെങ്കിൽ രാജ്യം ബാക്കിയുണ്ടാകില്ല

യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിക്കെതിരെ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയാണ് സെലൻസ്‌കി. എത്രയും പെട്ടെന്ന് മാറിയില്ലെങ്കിൽ അദ്ദേഹത്തിന്റെ രാജ്യം അവശേഷിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി
സെലൻസ്‌കി യുക്രൈനിൽ തെരഞ്ഞെടുപ്പ് നടത്താതെ ഭരണം തുടരുകയാണ്. ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാത്രമാണ് സെലൻസ്‌കി മിടുക്ക് കാണിച്ചത്. എന്നാൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ട്രംപിന് മാത്രമേ അത് സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു
ജോ ബൈഡന്റെ ഭരണകാലത്ത് റഷ്യയെ പ്രതിരോധിക്കാൻ യുക്രൈന് യുഎസ് ധനസഹായവും ആയുധങ്ങളും നൽകിയിരുന്നു. ട്രംപ് അധികാരത്തിൽ വന്ന ശേഷം ഈ നിലപാടിൽ മാറ്റം വരുത്തി. മൂന്ന് വർഷത്തിനിടെ യുക്രൈന് 6700 കോടി ഡോളറിന്റെ ആയുധങ്ങളും 3100 കോടി പണമായും അമേരിക്ക നൽകിയിരുന്നു. ഇതിന് പകരമായി യുക്രൈനിലെ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ 50 ശതമാനം ഉടമസ്ഥാവകാശമാണ് ട്രംപ് ചോദിക്കുന്നത്