
ഐഫോൺ നിർമാതാക്കളായ ആപ്പിളിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. -ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിർമിച്ച ഫോണുകൾ അമേരിക്കയിൽ വിറ്റാൽ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസിൽ വിൽക്കുന്ന ഐഫോണുകൾ അമേരിക്കയിൽ നിർമിച്ചതാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
“അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് ടിം കുക്കിനെ വളരെ മുമ്പേ അറിയിച്ചിരുന്നു. അങ്ങനെയല്ലെങ്കിൽ, ആപ്പിൾ യുഎസിനു കുറഞ്ഞത് 25% താരിഫ് നൽകണം,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇന്ത്യയിൽ പ്ലാന്റുകൾ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒയോട് കഴിഞ്ഞ ആഴ്ച ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഉയർന്ന താരിഫുകൾ ചൂണ്ടിക്കാട്ടിയും ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നത്. ഐ ഫോണുകളുടെ പ്രധാന ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെയാണ് ട്രംപിന്റെ പരാമർശം. ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാൻ ഐഫോൺ നിർമ്മാതാക്കൾ ഇന്ത്യയിലെ ഉൽപ്പാദനം വിപുലീകരിക്കാനും ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാനും പദ്ധതിയിടുന്ന നിർണായക സമയത്താണ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയിലെ ഉൽപ്പാദനത്തിനെതിരെയുള്ള പരാമർശം.
ആപ്പിളിന് നിലവിൽ ഇന്ത്യയിൽ മൂന്ന് പ്ലാന്റുകളുണ്ട്. രണ്ട് എണ്ണം തമിഴ്‌നാട്ടിലും ഒന്ന് കർണാടകയിലും. ഇവയിൽ ഒന്ന് ഫോക്‌സ്‌കോണും മറ്റൊന്ന് ടാറ്റ ഗ്രൂപ്പുമാണ് നടത്തുന്നത്. രണ്ട് ആപ്പിൾ പ്ലാന്റുകൾ കൂടി നിർമ്മാണത്തിലാണ്.